റിയാദ്: കൈയ്യില്‍ യന്ത്രത്തോക്കുമായി വന്ന രണ്ടു ചാവേറുകളെ കൈത്തോക്കുപയോഗിച്ച് അതി സാഹസികമായി കൊലപ്പെടുത്തി പോലീസുകാരന്‍ താരമായി. റിയാദിലെ അല്‍യാസ്മിന്‍ എന്ന പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് പോലീസിനെ ആക്രമിച്ച് പോലീസ് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ശരീരത്തില്‍ ബോംബ് കെട്ടിവച്ച ആയുധധാരികളായ രണ്ട് ആക്രമികളെ പോലീസുകാരന്‍ ഒറ്റയ്ക്ക് നേരിട്ടത്. ഏറ്റുമുട്ടലില്‍ സാരമായ പരിക്കേറ്റ പോലീസുകാരന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറ്റുമുട്ടലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഭീകരരെ നേരിട്ട ധീരനായ പോലീസുകാരന് നിലയ്ക്കാത്ത അഭിനന്ദന പ്രവാഹവുമായി ജനങ്ങളുമെത്തി.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് സ്ത്രീകളിലാരോ പകര്‍ത്തിയ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഭീകരര്‍ ഒളിത്താവളത്തില്‍ നിന്ന് മതില്‍ ചാടി വരുന്നതിന്റെ ദൃശ്യങ്ങളും പകര്‍ത്തി പരിസരവാസികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വീടു വളഞ്ഞതോടെയാണ് വെടിവയ്പ്പുണ്ടായത്. ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരന്‍ രണ്ട് ഭീകരരെയും വകവരുത്തിയത്. ആക്രമണത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇവര്‍ താമസിച്ചിരുന്ന വീടിനു സമീപത്തു വച്ച് ഗ്രനേഡുകളും തിരകളും ബെല്‍റ്റ് ബോംബ് നിര്‍മാണ സാമഗ്രിഹകളും കണ്ടെത്തിയിട്ടുണ്ട്.

https://www.youtube.com/watch?v=JRbCKAcZ558