
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആന്ധ്രാതീരത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുകയെന്നാണ് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്.

ചൊവ്വാഴ്ച നാലു ജില്ലകളിലും ബുധനാഴ്ച ആറിടത്തും യെല്ലോ അലർട്ട് ആയിരിക്കും. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ചൊവ്വാഴ്ച യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.
നേരത്തെ ഗുജറാത്ത് തീരത്ത് രൂപംകൊണ്ട ന്യൂനമർദ്ദം കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. എന്നാൽ ഈ ന്യൂനമർദ്ദം കൂടുതൽ ശക്തിയാർജിച്ച് പടിഞ്ഞാറോട്ട് നീങ്ങിയതിനാൽ കേരളത്തിലെ കാലവർഷത്തെ ഇത് സ്വാധീനിക്കില്ല.
