‘ആന്ധ്രയില്‍ പൂജ്യം, തമിഴ്‌നാട്ടില്‍ പൂജ്യം, മഹാരാഷ്ട്രയില്‍ 20’; തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സീറ്റ് പ്രവചിച്ച് മമതയുടെ എക്‌സിറ്റ് പോള്‍

  • Post category:news
  • Reading time:1 min read
You are currently viewing ‘ആന്ധ്രയില്‍ പൂജ്യം, തമിഴ്‌നാട്ടില്‍ പൂജ്യം, മഹാരാഷ്ട്രയില്‍ 20’; തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സീറ്റ് പ്രവചിച്ച് മമതയുടെ എക്‌സിറ്റ് പോള്‍

അമിത് ഷായുടെ റാലിക്കിടെയുണ്ടായ ആക്രമണത്തോടെ ബി.ജെ.പിയുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവരുടെ ജയസാധ്യതകളും പ്രവചിച്ചു. നൂറില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് ലഭിക്കുകയെന്നാണ് മമതയുടെ പ്രവചനം. ഗുണ്ടാ പാര്‍ട്ടിയായ ബി.ജെ.പി പണം കൊടുത്ത് വോട്ട് വാങ്ങാന്‍ ശ്രമിക്കുകയാണ്. മുന്നൂറിലേറെ സീറ്റുകള്‍ നേടുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

ആന്ധ്രയില്‍ പൂജ്യം, തമിഴ്‌നാട്ടില്‍ പൂജ്യം, മഹാരാഷ്ട്രയില്‍ 20 എന്നാണ് മമത ബി.ജെ.പിയുടെ സീറ്റ് സാധ്യതകളെക്കുറിച്ച് പറയുന്നത്. ചൊവ്വാഴ്ചയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബംഗാളിലെ പ്രചരണങ്ങള്‍ ഒരു ദിവസം വെട്ടിച്ചുരുക്കിയിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ബംഗാളിലെ പ്രചരണം അവസാനിച്ചത്. വോട്ടെടുപ്പിന്‍റെ അവസാനഘട്ടമായ 19നാണ് കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ ഒമ്പത് സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 42 സീറ്റുകളിലെ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്ന് പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ത്തതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്ന ആരോപണം തെളിയിക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. ‘ആരോപണം തെളിയിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ജയിലില്‍ തള്ളും’ മമത പറയുന്നു. വിദ്യാസാഗറിന്‍റെ വലിയ പ്രതിമ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെയും അവര്‍ പുച്ഛിച്ച് തള്ളി.

‘ഒരു പ്രതിമ നിര്‍മ്മിക്കാനുള്ള പണം ബംഗാളിനുണ്ട്. അദ്ദേഹത്തിന് 200 വര്‍ഷം പഴക്കമുള്ള പാരമ്പര്യം തിരികെ തരാനാകുമോ?’ അവര്‍ ചോദിക്കുന്നു. പ്രതിമ തകര്‍ത്തതിന് പിന്നില്‍ ബി.ജെ.പിക്കാരാണെന്ന് ഞങ്ങള്‍ക്ക് തെളിയിക്കാനാകും. വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ത്തതിനെ തുടര്‍ന്നാണ് അമിത് ഷായുടെ റാലിക്കിടെ ആക്രമണമുണ്ടായത്.

0Shares