മുംബൈ: പ്രശസ്ത സംവിധായകനും ആനിമേഷന്‍ രംഗത്തെ ഇതിഹാസവുമായ ഭീംസെയ്ന്‍ ഖുറാന(81)അന്തരിച്ചു. ജുഹുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കകള്‍ തകാരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1977 ല്‍ പുറത്തിറങ്ങിയ ഖരൗദാ, ആനിമേഷന്‍ ഹ്രസ്വചിത്രമായ ‘ഏക് അനേക് ഏക്താ’ എന്നിവയാണ് ഭീംസെയിന്റെ ശ്രദ്ധേയമായ സൃഷ്ടികള്‍. ടെലിവിഷനിലും സിനിമകളിലും സജീവമായിരുന്നു. ദൂരദര്‍ശന്റെ സുവര്‍ണ കാലഘട്ടത്തില്‍ ആനിമേഷന്‍ ചിത്രങ്ങള്‍ ചെയ്തതിലൂടെയാണ് ഭീംസെയ്ന്‍ പ്രശസ്തിയിലേക്ക് ഉയരുന്നത്.1936 ല്‍ മുള്‍ട്ടാനിലാണ് (മുള്‍ട്ടാന്‍ ഇന്ന് പാകിസ്താന്റെ ഭാഗമാണ്) ഭീംസെയ്ന്‍ ജനിച്ചത്. ഫൈന്‍ ആര്‍ട്ട്സിലും ശാസ്ത്രീയ സംഗീതത്തിലും ലക്നൗ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിപ്ലോമ നേടി. 1970 ല്‍ ദ ക്ലൈംബ് എന്ന ആനിമേഷന്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ ‘ദ ക്ലൈംബ്’ സില്‍വര്‍ ഹ്യൂഗോ പുരസ്‌കാരം നേടി.
1974 ല്‍ പ്രശസ്ത ഡോക്യുമെന്ററി സംവിധായിക വിജയ മുലെയ്ക്കൊപ്പം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ‘ഏക് ചിടിയാ അനേക് ചിടിയാന്‍’ എന്ന ആനിമേന്‍ ഗാനം ഭീംസെയ്ന്‍ ഒരുക്കി. ‘നാ ഏക് ദോ’, ‘ഫയര്‍’, ‘മുന്നി’, ‘ഫ്രീഡം ഈസ് എ തിന്‍ ലൈ’, ‘മെഹ്മാന്‍’, ‘കഹാനി ഹര്‍ സമാനേ കി’ തുടങ്ങിയ ആനിമേഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മിക്കുകയും ചെയ്തു. അരങ്ങേറ്റ ചിത്രമായ ‘ഖരൗദാ’യില്‍ സെറീന വഹാബ്, അമോല്‍ പലേക്കര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തുടര്‍ന്ന് ദൂരിയാന്‍, തം ലൗട്ട് ആവോ എന്നീ ചിത്രങ്ങളും അദ്ദേഹം ഒരുക്കി. 16 ദേശീയ പുരസ്‌കാരങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഭാര്യ: നീലം. മക്കള്‍: ഹിമാന്‍ഷു, കിരിത് ഖുറാന.