
ഇടുക്കി: ഇടുക്കി ജില്ലയിലെ ആനമുടി ദേശീയോദ്യാനത്തില്‍ പടര്‍ന്ന കാട്ടുതീ മൂന്നാം ദിവസവും തുടരുന്നു. 50 ഹെക്ടറോളം വനഭൂമിയും അന്‍പതോളം വീടുകളും വനം വകുപ്പിന്‍റെ ആറ് ഹെക്ടര്‍ യൂക്കാലി മരങ്ങളും കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്. കാട്ടു തീ ഉള്‍വനത്തിലേക്കും പടര്‍ന്നെന്നാണ് വിവരം. ദേശീയോദ്യാനത്തിന്‍റെ ഭാഗമായ മന്നവന്‍ ചോലയ്ക്ക് സമീപമാണ് നിലവില്‍ തീ പടരുന്നത്.

ഈ പ്രദേശത്തേക്ക് അഗ്നിശമനസേനയ്ക്ക് ഇതുവരെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ തീയണയ്ക്കാനുള്ള സാങ്കേതിക നടപടികള്‍ മൂന്നാം ദിവസവും ആരംഭിക്കാനായിട്ടില്ല. ഫയര്‍ ബ്രേക്കുകള്‍ തയ്യാറാക്കി തീ നിയന്ത്രണ വിധേയമാക്കാനാണ് നിലവില്‍ വനംവകുപ്പിന്‍റെ ശ്രമം. മൂന്നാര്‍- വട്ടവട പഴത്തോട്ടം ഭാഗങ്ങളില്‍നിന്നാന്ന് കാട്ടുതീ ആളിപ്പടര്‍ന്നതെന്നാണ് വിവരം. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും തീ ദേശീയോദ്യാനത്തിലേക്ക് പടരുകയായിരുന്നു.
