
ജനാധിപത്യ വിരുദ്ധതയുടെ പര്യായമാണ് ആധാർ. 130 കോടി ജനതയുടെയും വരും തലമുറകളുടെയും ഭാഗധേയം നിർണയിക്കുന്ന, പൗരരുടെ മൗലീകാവകാശശങ്ങൾക്ക് മേൽ കടന്നു കയറുന്ന ഈ പദ്ധതി 2010 മുതൽ 2016 വരെ നിലനിന്നിരുന്നത് നിയമ പിൻബലം ഇല്ലാതെയാണ്, പാർലമെന്റിന്റെ അംഗീകാരം ഇല്ലാതെയാണ്. മൗലീകാവകാശങ്ങളെ ബാധിക്കുന്ന ഏതൊരു നടപടിക്കും യുക്തവും നീതിപൂർവകവുമായ നിയമം ഉണ്ടാകണമെന്നിരിക്കെ സംഗതി പുലിവാല് ആകുമെന്ന് കരുതിയാകണം 2010-ൽ യു.പി.എ ഗവണ്മെന്റ് ഒരു ബില്ല് കൊണ്ടുവന്നു. National Identify caption Authority of India Bill 2010.
ബിൽ രാജ്യസഭ ഉപസമിതിക്ക് വിട്ടു. സ്റ്റാൻഡിംഗ് കമ്മറ്റി അതു തള്ളി. ബില്‍ തിരിച്ചയച്ചു. പദ്ധതിയെ നിശിതമായി വിമർശിക്കുന്നതായിരുന്നു പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. അരക്ഷിതവും തെളിയിക്കപ്പെട്ടിട്ടില്ലാത്തതും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതുമായ സാങ്കേതികതയിൽ ഊന്നിയ ഈ പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമല്ല എന്നായിരുന്നു കണ്ടെത്തൽ. മാത്രവുമല്ല രാജ്യസുരക്ഷയ്ക്കു തന്നേ ഭീഷണിയായേക്കാം എന്നും നിരീക്ഷിച്ചു.
ഇത്തരം റിപ്പോർട്ടുകൾ വന്നാൽ സാധാരണഗതിയിൽ ജനാധിപത്യ മര്യാദകൾ പാലിക്കപ്പെടുന്ന രാജ്യങ്ങളിലെല്ലാം പദ്ധതി നിർത്തലാക്കുകയാണ് ചെയ്യുക. (ആസ്ത്രേലിയൻ ഉദാഹരണം നോക്കുക). എന്നാൽ ഇന്ത്യാ ഗവണ്മെന്റ് പദ്ധതിയുമായി മുന്നോട്ടുപോയി.

ആധാറിനെ നഖശിഖാന്തം എതിർത്ത നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയപ്പോൾ ജനനസർട്ടിഫിക്കറ്റിന് മുതൽ ശ്മശാനത്തിൽ ദഹിപ്പിക്കാൻ വരെ ആധാർ വേണം എന്ന സഹചര്യമുണ്ടായി. 2016-ൽ രാജ്യസഭയെ ഒഴിവാക്കി ഒരു ധനബിൽ ആയി ആധാർ നിയമം ഒളിച്ചു കടത്തി പാസ്സാക്കിയെടുത്തു.
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൗര്ഭാഗ്യകരമായ വിധിന്യായങ്ങളിലൊന്നിലൂടെ 2018-ൽ സുപ്രീംകോടതി ആധാർ നിയമം ശരിവെച്ചു. ജസ്റ്റിസ്. ഡി. വൈ. ചന്ദ്രചൂഡിന്റെ (ചരിത്രമാകുന്ന വിയോജന വിധിന്യായം മറക്കുന്നില്ല). എന്നിരുന്നാലും ആധാർ ആക്ടിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ പല ഭാഗങ്ങളും കോടതി റദ്ദാക്കിയിരുന്നു. ആധാർ ദുരൂപയോഗത്തിനും മറ്റു പ്രശ്നങ്ങൾക്കുമെതിരെ കോടതിയെ സമീപിക്കാൻ പോലും പൗരന് അനുമതി നിഷേധിക്കുന്ന വകുപ്പ്. സ്വകാര്യ കോർപ്പറേറ്റുകൾക്കും സ്ഥോപനങ്ങൾക്കും ആധാർ വിവര സഞ്ചയം ചൂഷണം ചെയ്യാൻ വഴിയൊരുക്കുന്ന വകുപ്പ് എന്നിങ്ങനെ.
കോടതി വിധിയോടുകൂടി ആധാറിന് വേണ്ടി പ്രധാനമായി ലോബിയിങ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ മേഖലയ്ക്ക്, പ്രത്യേകിച്ചും ടെലിക്കമ്യൂണിക്കേഷൻ, ഫിൻടെക്ക് മേഖലകൾക്ക് വൻ തിരിച്ചടിയായി. ഈ-കെ.വൈ.സി. , ആധാർ അധിഷ്ഠിത പണമിടപാട് എന്നിവ നിയമവിരുദ്ധമായി. ജനങ്ങൾക്ക് വിവര ചന്തയിലെ ചൂഷണങ്ങളിൽ നിന്ന് ഒട്ടൊരാശ്വാസവും.
സുപ്രധാനമായ ഈ വിധിയെയാണ് നരേന്ദ്ര മോഡി ഗവണ്മെന്റ് ഇപ്പോൾ ജനാധിപത്യ മര്യാദയ്ക്ക് പുല്ലുവിലപോലും കല്പിക്കാതെ ഒരു ഓർഡിനൻസിലൂടെ മറികടക്കാൻ ശ്രമിക്കുന്നത്. ഈ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുകപോലും ചെയ്യാതെ ലാപ്സ് ആയതാണ്. നമ്മളൊക്കെ ആശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ പാകിസ്താനിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയ അതേ ദിവസം തന്നെ ഇന്ത്യൻ ജനാധിപത്യത്തിനുമേൽ ഒരു സർജിക്കൽ സ്‌ട്രൈക്ക് കൂടി നടത്തിയിരിക്കുന്നു ഈ ഗവണ്മെന്റ്. ഇതോടെ ബാങ്കിംഗ്, ടെലിക്കോം, ഇൻഷുറൻസ്, പേയ്‌മെന്റ് ബാങ്കുകൾ ഉൾപ്പടെയുള്ള ഫിൻടെക്ക് കമ്പനികൾ… അങ്ങനെ സ്വകാര്യ മേഖലയുടെ അനന്തമായ ചൂഷണസാധ്യതകളിലേക്ക് നമ്മുടെ വ്യക്തിവിവരങ്ങൾ തുറന്നുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
