ന്യൂഡല്‍ഹി: ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാവുക എന്നത് നല്ലതാണെന്ന് സുപ്രീംകോടതി. ആധാറിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് നിര്‍ണായക വിധി സുപ്രീംകോടതി പ്രസ്താവിച്ചു. പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണ്. ആധാര്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദം. ആധാറില്‍ കൃത്രിമം അസാധ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. വിധി പ്രസ്താവം നടത്തിയത് ജസ്റ്റിസ് എ.കെ.സിക്രിയാണ്. ചീഫ് ജസ്റ്റിസിന് കൂടിവേണ്ടിയാണ് ജസ്റ്റിസ് സിക്രി വിധി പ്രസ്താവം നടത്തിയത്. അഞ്ചംഗ ബെഞ്ചില്‍ മൂന്നു ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമാണ് ഉണ്ടായത്. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സഹായകമാണ്. പൗരന്‍മാരുടെ അവകാശങ്ങളുടെ മേല്‍ പരിമിതമായ നിയന്ത്രണങ്ങളാകാം. ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ആധാറിന് വേണ്ടി ശേഖരിക്കുന്നത്. ആധാര്‍ വിവരശേഖരണം പിഴവുകളില്ലാത്തതാണ്. ആധാര്‍ അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ശാക്തീകരിക്കുമെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു. വിധി പ്രസ്താവത്തില്‍ 40 പേജാണുള്ളത്. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളിലാണ് വിധി. 38 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.
ആധാര്‍പദ്ധതി പൗരന്റെ സ്വകാര്യതയ്ക്ക് നേരേയുള്ള കടന്നുകയറ്റമാണെന്നാണ് പൊതുതാല്‍പര്യ ഹര്‍ജികളിലെ പ്രധാനവാദം. എന്നാല്‍, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാര്‍ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പൗരന്റെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണോ, സ്വകാര്യതയ്ക്കും അന്തസായി ജീവിക്കാനുമുള്ള മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാര്‍ നിര്‍ബന്ധമാക്കണമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് പ്രധാനമായും അഞ്ചംഗഭരണഘടനാബെഞ്ച് ഉത്തരം നല്‍കിയത്. ആധാര്‍നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഉയര്‍ന്ന ആരോപണങ്ങള്‍. നവജാതശിശുക്കള്‍ അടക്കം രാജ്യത്തെ തൊണ്ണൂറ്റിയഞ്ച് ശതമാനം പേരും ആധാര്‍കാര്‍ഡ് എടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അതീവ നിര്‍ണായകമാണ് കോടതി വിധി. സ്‌കൂള്‍ പ്രവേശനത്തിനും ടെലിഫോണ്‍ കണക്ഷനും ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കരുത്. പാന്‍കാര്‍ഡിനും നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം.
ആധാര്‍ വിവരങ്ങള്‍ പുറത്ത് വിടും മുമ്പ് വ്യക്തികള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് കോടതി. പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതിന് ആധാര്‍ തടസമാകരുതെന്നും കോടതി നിര്‍ദേശം.