ആദ്യമായി സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി; എല്ലാവരും അമ്പത് വയസ് കഴിഞ്ഞവര്‍

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യമായി സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി; എല്ലാവരും അമ്പത് വയസ് കഴിഞ്ഞവര്‍

ശബരിമല: ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. 50 വയസിന് മുകളില്‍ പ്രായമുള്ള ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ സ്ത്രീകളെത്തിയാല്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇവരെ നിയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സി.ഐ- എസ്.ഐ റാങ്കിലുളള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച തന്നെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പമ്പയിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് അവര്‍ സന്നിധാനത്തേക്ക് എത്തിയത്. ആദ്യമായാണ് സന്നിധാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. മുന്‍പ് സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. ഇന്നും നാളെയും തിരിച്ചറിയല്‍കാര്‍ഡില്ലാതെ ആരെയും നിലയ്ക്കല്‍ മുതല്‍ കടത്തിവിടില്ല. തീര്‍ഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്ക് കടത്തിവിടുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പൊലീസ് വ്യക്തമാക്കി. അതേസമയം ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ ശബരിമല തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. കാല്‍ നടയായിട്ടാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്. ഉച്ചയ്ക്ക് ശേഷം മാത്രമേ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുകയുളളൂ എന്നായിരുന്നു പൊലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. തീര്‍ത്ഥാടകരെ വെവ്വേറെയായി പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. ഒരുമിച്ച് ബസില്‍ പമ്പയിലേക്ക് വിടാമെന്നാണ് പൊലീസ് അറിയിച്ചത്.

0Shares