ആദ്യത്തെ എന്‍ജിനില്ലാതെ ഓടുന്ന വാഹനം; ‘ട്രെയിന്‍ -18’ വരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ആദ്യത്തെ എന്‍ജിനില്ലാതെ ഓടുന്ന വാഹനം; ‘ട്രെയിന്‍ -18’ വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ എന്‍ജിനില്ലാതെ ഓടുന്ന വണ്ടിയായ ‘ട്രെയിന്‍ -18’ വരുന്നു. അടുത്ത ജനുവരി മുതല്‍ ഡല്‍ഹിയില്‍നിന്ന് ഭോപാലിലേക്ക് ഓടുന്ന ഈ വണ്ടിക്ക് മറ്റു ദീര്‍ഘദൂര വണ്ടികളിലേതുപോലെ ലോക്കോമോട്ടീവ് എന്‍ജിന്‍ ഉണ്ടാവില്ല. 2018-ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിന്‍-18 എന്ന പേര് ലഭിച്ചത്. നഗരങ്ങളില്‍ ഓടുന്ന മെട്രോ ട്രെയിനുകള്‍ക്കും സബര്‍ബന്‍ വണ്ടികള്‍ക്കും (ഇ.എ.യു.) സമാനമായിരിക്കും ഈ വണ്ടി. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച നിലവിലുള്ള ഡല്‍ഹി-ഭോപാല്‍ ശതാബ്ദി എക്‌സ്പ്രസ്സിന് പകരമാണ് വണ്ടി ഓടുക. ഈ വണ്ടിക്ക് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാന്‍ കഴിയും. നിലവില്‍ രാജ്യത്ത് ഏറ്റവും വേഗത്തിലോടുന്ന ഗതിമാന്‍ എക്‌സ്പ്രസിന്റെ അതേ വേഗം. മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍ രീതിയില്‍ രൂപകല്‍പ്പന ചെയ്ത, യാത്രികന് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കുന്നത്. താനെ അടയുന്ന സ്ലൈഡിങ് വാതിലുകള്‍, ഏറെ നീളത്തിലുള്ള ജനവാതിലുകള്‍ എന്നിവയൊക്കെയാണ് മറ്റ് പ്രത്യേകതകള്‍. ഏതു ഭാഗത്തേക്കും ഓടിക്കാന്‍ കഴിയും. എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് അതിനകത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. അതിനാലാണ് ഈ വണ്ടിക്ക് പ്രത്യേകമായി എന്‍ജിന്റെ ആവശ്യമില്ലാത്തതും. സാധാരണ മെയില്‍ എക്‌സ്പ്രസ് വണ്ടികളില്‍ എന്‍ജിന് സമീപത്തായിരിക്കും വൈദ്യുതി വിതരണത്തിനുള്ള സംവിധാനം ക്രമീകരിച്ചിരിക്കുക. ട്രെയിന്‍-18 ല്‍ ഇടവിട്ടുള്ള ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ട് കുതിപ്പിക്കാനുള്ള മോട്ടോറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 16 കോച്ചുകളുള്ള വണ്ടിയില്‍ മറ്റു സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയും ഇവിടെനിന്നു ലഭിക്കും. അടുത്ത മാസംതന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ട്രെയിന്‍ പുറത്തിറങ്ങും. പരീക്ഷണ ഓട്ടങ്ങള്‍ക്ക് ശേഷമായിരിക്കും ജനുവരിയില്‍ ഇത് ഓടുക. പരീക്ഷണം വിജയിച്ചാല്‍ ഇത്തരത്തിലുള്ള കൂടുതല്‍ വണ്ടികള്‍ പുറത്തിറക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

0Shares