
അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി യുവതിയെ ജാതിപ്പേര് വിളിച്ചധിക്ഷേപിച്ച സി.പി.എം അംഗങ്ങൾ അറസ്റ്റിൽ. ചാളയൂർ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ശക്തിവേൽ ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി എന്നിവരാണ് അറസ്റ്റിലായത്. ചാവടിയൂർ സ്വദേശിയായ തായമ്മയെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ച കേസിലാണ് അറസ്റ്റ്.

ആശുപത്രിയിൽെവച്ച് തായമ്മയെ ഉപദ്രവിച്ച സംഭവത്തിൽ സരസ്വതിയുടെ മകൻ പ്രവീണിനെതിരെയും കേസുണ്ട്. പ്രവീൺ ഒളിവിലാണ്. ജൂൺ 13-നാണ് കേസിനാസ്പദമായ സംഭവം. ആദിവാസി അതിക്രമ നിയമപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകാമെന്നുപറഞ്ഞ സരസ്വതിയെ രാത്രിയിൽ മൂന്ന് വാഹനങ്ങളിലെത്തിയ പോലീസ് വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്തുവെന്നും അന്യായമായി കേസെടുക്കുകയായിരുന്നെന്നുമാണ് സി.പി.എം. ഏരിയാ കമ്മിറ്റിയുടെ ആരോപണം. എന്നാൽ, കേസന്വേഷണവുമായി സഹകരിക്കാതെ സാക്ഷികളെ ഭീഷണിപ്പെടുത്തി പ്രവീൺ ഒളിവിൽപ്പോയ സാഹചര്യത്തിലാണ് സരസ്വതിയെയും ശക്തിവേലിനെയും വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതെന്ന് അഗളി എ.എസ്.പി. നവനീത് ശർമ അറിയിച്ചു.
