കൊല്‍ക്കത്ത: സ്ത്രീ മനസിന്റെ സങ്കീര്‍ണ്ണതകള്‍ തീവ്രതയോടെ ഒപ്പിയെടുത്ത പ്രതിഭാശാലിയായ സംവിധായകനാണ് ഋതുപര്‍ണഘോഷ്. തന്റെ സ്വത്വത്തില്‍ കാലുറപ്പിച്ച് നിന്നുകൊണ്ട് കഥ പറഞ്ഞ ഋതുപര്‍ണഘോഷ് പോയ് മറഞ്ഞിട്ട് ഇന്നേക്ക് നാലു വര്‍ഷം തികയുന്നു. ജീവിതത്തിന്റെ ഋതുഭേദങ്ങളെക്കുറിച്ച് ഋതു പറഞ്ഞ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തേയും ക്ലാസിക്കുകളാണ്. തന്നിലെ ആണിനെയും പെണ്ണിനെയും മറച്ചു വയ്ക്കാതെ ഋതു പ്രത്യക്ഷപ്പെട്ട ഇടങ്ങള്‍. തന്റെ മുന്‍ഗാമികളില്‍ നിന്നും തികച്ചു വ്യത്യസ്തനായിരുന്നു ഋതുപര്‍ണ്ണഘോഷ്. 2013 മെയ് 30ന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സ്ത്രീയും പുരുഷനുമല്ലാത്ത തന്റെ മൂന്നാം ലിംഗ അവസ്ഥയെക്കുറിച്ച് എന്നും ഉത്കണ്ഠാകുലനായിരുന്നു ഋതുപര്‍ണ്ണ ഘോഷ്. ഒരു തരത്തില്‍ ആ അവസ്ഥ അദ്ദേഹത്തെ ഉന്മാദിയാക്കിയിരുന്നു എന്ന് വേണം പറയാന്‍. സിനിമാ സംബന്ധിയായ കാര്യങ്ങള്‍ക്കായി അഭിനേതാക്കളെ സമീപിക്കാന്‍ പോലും ഘോഷ് അത്യധികം ഭയപ്പെട്ടിരുന്നു. പ്രത്യേകിച്ചും ബോളിവുഡ് താരങ്ങളെ. ഒരിക്കല്‍ ഒരു സൂപ്പര്‍ താരത്തിന്റെ വീട്ടില്‍ എത്തിയ അദ്ദേഹത്തിന് കയ്പേറിയ അനുഭവമാണ് നേരിടേണ്ടി വന്നത്. നിങ്ങളെ ഞാന്‍ ഋതു അങ്കിള്‍ എന്നാണോ അതോ ഋതു ആന്റി എന്നാണോ വിളിക്കേണ്ടതെന്നായിരുന്നു സൂപ്പര്‍ താരത്തിന്റെ മകന്‍ ചോദിച്ചത്.

ഇത്തരം സംഭവങ്ങള്‍ ഋതുവിനെ വളരെയധികം വേദനിപ്പിച്ചിരുന്നു. തന്റെ ലിംഗാവസ്ഥയെ ഇന്ത്യന്‍ സിനിമാ ലോകം എങ്ങനെ സ്വീകരിക്കുമെന്ന ചിന്ത ഋതുവിനെ എപ്പോഴും അലട്ടിയിരുന്നു. അദ്ദേഹം അവസാനം സംവിധാനം നിര്‍വഹിച്ച ‘ചിത്രാംഗദ’ യുടെയും കഥാതന്തു ട്രാന്‍സ്ജെന്‍ഡര്‍ പ്രേമവും അതിന്റെ പ്രത്യാഘാതങ്ങളും സാമൂഹിക പ്രശ്നങ്ങളുമാണ്. പൊതുവേദികളില്‍ ഋതുപര്‍ണഘോഷ് സ്ത്രീവേഷത്തിലായിരുന്നു പലപ്പോഴും എത്തിയിരുന്നത്. മാതാവിന്റെ മരണശേഷം ഏകദേശം പൂര്‍ണമായും സ്ത്രീഭാവഹാദികളോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. തന്റെ സ്വത്വം ഇതാണെന്ന് പറയാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. ഈ ധൈര്യം തന്നെയാണ് സിനിമകളിലൂടെയും പ്രകടമാക്കിയത്. സെല്ലുലോയ്ഡില്‍ ഒരുപിടി അനശ്വര ചിത്രങ്ങളൊരുക്കിയ പ്രതിഭയുടെ ആള്‍രൂപമായ ആ മഹാനായ കലാകാരന് ആദരവിന്റെ ഓര്‍മ്മപ്പൂക്കള്‍…