ലണ്ടന്‍: മികച്ച ഫോമില്‍ കളിക്കുന്ന ആതിഥേയരെ കീഴടക്കി പാകിസ്ഥാന്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിന് തികച്ചും അപ്രതീക്ഷ തോല്‍വി എന്ന് തന്നെ പറയാം. കാര്‍ഡിഫില്‍ ഇന്നലെ നടന്ന ഒന്നാം സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിനാണ് പാകിസ്ഥാന്‍ അട്ടിമറിച്ചത്. ഒന്നാം സെമിയിലെ സ്‌കോര്‍ – ഇംഗ്ലണ്ട് 49.5 ഓവറില്‍ 211 ഓള്‍ ഔട്ട്. പാകിസ്ഥാന്‍ 37.1 ഓവറില്‍ രണ്ട് വിക്കറ്റിന് 215. മത്സരത്തില്‍ പാകിസ്ഥാന്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ എല്ലാവരും ഒന്ന് അമ്പരന്നു. കഴിഞ്ഞ ദിവസം ശ്രീലങ്കയോട് ചേസ് ചെയ്ത് വിയര്‍ത്തത് ഓര്‍ത്തിട്ടാകണം. എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കും വിധം പാകിസ്ഥാന്‍ ബൗളര്‍മാര്‍ അസ്സലായി പന്തെറിഞ്ഞു.

കരുത്തരായ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ വെറും 211ല്‍ ഓളൗട്ടാക്കി. 46 റണ്‍സെടുത്ത റൂട്ടാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ തകര്‍പ്പന്‍ തുടക്കം കിട്ടി. ഓപ്പണര്‍മാരായ അസ്ഹര്‍ അലി 76ഉം ഫക്തര്‍ സമന്‍ 57 ഉം റണ്‍സെടുത്തു. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ബാബര്‍ അസം (38 നോട്ടൗട്ട്) മുഹമ്മദ് ഹഫീസ് (31 നോട്ടൗട്ട്) എന്നിവര്‍ അനായാസം കളി തീര്‍ത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മൂന്ന് വിക്കറ്റ് നേട്ടം കൈവരിച്ച പാക് ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.