
ചെന്നൈ: സംസ്ഥാനത്തെ ‘ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് എന്‍ഫോഴ്സ്മെന്റ് സെല്ലും (ഐപിഇആര്‍സി) ബസ് ഉടമകളും മറ്റുള്ളവരുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഈ തീരുമാനം. ഡിസംബര്‍ 31 നു മുൻപായി ബസുകളിലെ ഓഡിയോ സിസ്റ്റങ്ങളും ടിവി സെറ്റുകളും നീക്കം ചെയ്യുമെന്ന് ബസുടമകള്‍ വ്യക്തമാക്കി. സ്വകാര്യ ബസുകളിലാണ് നിരോധനം നടപ്പാക്കുന്നത്. ഏതാണ്ട് ഏഴായിരം ബസുകളില്‍ ഇതു നടപ്പാക്കുന്നതോടെ തമിഴ്നാട്ടിലെ ബസ് യാത്രകള്‍ ചലച്ചിത്ര-ഗാന വിമുക്തമാകും.

മിക്ക ബസുകളിലും തമിഴിലും മറ്റു ഭാഷകളിലും ഇറങ്ങുന്ന പുത്തന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നെന്ന ആരോപണം നാളുകള്‍ക്കു മുൻപേ ഉള്ളതാണ്. ഈ പരിപാടി തുടര്‍ന്നാല്‍ പകര്‍പ്പവകാശ നിയമങ്ങള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാകുമെന്നു കണ്ടെത്തിയാണു നീക്കം. ഇതിനായി പ്രത്യേക പരിശോധനകള്‍ നടത്തിയിട്ടും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.1952ലെ സിനിമാറ്റോഗ്രഫി ആക്‌ട് അനുസരിച്ച് ബസ് നടത്തിപ്പുകാര്‍ക്കെതിരേ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എങ്കിലും ബസുകളിലെ പാട്ടും സിനിമകളും നിര്‍ബാധം തുടരുകയായിരുന്നു. ഇതേക്കുറിച്ചു വര്‍ഷങ്ങളായി പരാതികള്‍ ഉയരുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് നടപടിയുടെ രൂപത്തിലേക്കു കടക്കുന്നത്. കഴിഞ്ഞ ദിവസം റിലീസായ ചിത്രങ്ങള്‍ കാണിച്ചതിന്റെ പേരില്‍ അടുത്തിടെ രണ്ടു ഡ്രൈവര്‍മാര്‍ അറസ്റ്റിലായതോടെയാണ് നീക്കങ്ങള്‍ക്ക് വേഗം കൂടിയത്. കഴിഞ്ഞ മേയ് 13നു സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ നടന്‍ വിശാലിന്റെ പരാതിയെത്തുടര്‍ന്നു വിജയ് ചിത്രം ‘തെരി’ പ്രദര്‍ശിപ്പിച്ച ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബംഗളുരുവില്‍നിന്നു ചെന്നൈയിലേക്കു പോയ ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ബസിലെ യാത്രക്കാര്‍ തന്നെയാണ് വിശാലിനെ ഇക്കാര്യം അറിയിച്ചത്. ഇതേത്തുടര്‍ന്നു ബസിലെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ വിശാല്‍ നിര്‍ദേശം നല്‍കി. പിന്നീട് വിശാല്‍ തന്നെ ഇക്കാര്യം പൈറസി ഉദ്യോഗസ്ഥരെ അറിയിച്ചു. മദുരവോയലിനു സമീപം ബസ് തടഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
