മലപ്പുറം: നവംബര്‍ നാലുമുതല്‍ 16 വരെ ദുബായില്‍ നടക്കുന്ന ശൈഖ് ഫാത്തിമ ബിന്‍ത് മുബാറക് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ മൂന്നാമത് എഡിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി വിദ്യാര്‍ഥിനി. കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ലമീസ ദമ്പതികളുടെ മകളും മഅ്ദിന്‍ വിദ്യാര്‍ത്ഥിനിയുമായ ഹവ്വ നസീമയാണ് ആഗോള മത്സരത്തില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്കൊപ്പം പങ്കെടുക്കുന്നത്. യു.എ.ഇ വൈസ്.പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തിലാണ് വനിതകള്‍ക്കായി ഈ മല്‍സരം നടത്തുന്നത്. യു.എ.ഇ സ്ഥാപക അധ്യക്ഷന്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്നവരുടെ പത്‌നിയായ ശൈഖാ ഫാത്തിമാ ബിന്‍ത് മുബാറക് എന്നവരുടെ പേരില്‍ സംഘടിപ്പിക്കുന്ന ഹോളി ഖുര്‍ആന്‍ മത്സരം 2016 ലാണ് ആരംഭിച്ചത്.
പരിപാടിയില്‍ വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയ 25 വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്. ഒന്നാം സമ്മാനമായി ഏകദേശം അമ്പത് ലക്ഷം ഇന്ത്യന്‍ രൂപ(രണ്ടര ലക്ഷം ദിര്‍ഹം) യും ഹോളി ഖുര്‍ആന്‍ അവാര്‍ഡുമാണ് സമ്മാനമായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നത്. ദുബായ് അല്‍ മംജൂര്‍ സൈന്റിഫിക് കള്‍ച്ചറല്‍ അസോസിയേഷനിലാണ് പരിപാടി. മലപ്പുറം മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മഞ്ചേരി പുല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഖുര്‍ആന്‍ പഠന കേന്ദ്രമായ ക്യൂലാന്റ് കാമ്പസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹവ്വ നസീമ.
ആഗോള ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി വിദ്യാര്‍ഥിനി; കര്‍ണാടക മന്ത്രി യു.ടി ഖാദറുടെ മകളാണ് ഹവ്വ നസീമ