
കൊച്ചി: മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്ന സി.പി.ഐയിലെ നാലു മന്ത്രിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കാത്തതിന് വേണ്ടത്ര തെളിവ് ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും വെറും പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹർജിയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്ന മന്ത്രിമാരുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ച് സംവിധായകനായ ആലപ്പി അഷറഫാണ് ഹർജി സമർപ്പിച്ചത്.

മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കാത്തത് കോടതിയ്‌ക്ക് പരിഗണിക്കാൻ കഴിയുന്ന വിഷയമല്ല. ഇക്കാര്യത്തിൽ ആക്ഷേപമുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കണം. മുഖ്യമന്ത്രിയാണ് ഇതിൽ നടപടിയെടുക്കേണ്ടതെന്നും അല്ലാതെ കോടതിയല്ലെന്നും ഹർജി തള്ളിക്കൊണ്ട് ഹൈകോടതി നിരീക്ഷിച്ചു.
