
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെടാൻ കാരണം പോലീസിന്റെ സമർഥമായ അന്വേഷണത്തിനൊപ്പം പുതിയ തെളിവുകൾ കണ്ടെത്താനും അവയെ തമ്മിൽ ബന്ധിപ്പിക്കാനും മാധ്യമങ്ങൾ ശ്രമിച്ചതിന്റെ കൂടി ഫലമാണ്. മാധ്യമങ്ങൾക്കും പോലീസിനും എല്ലാവരും നന്ദി പറയുമ്പോഴും തങ്ങൾ പലപ്പോഴും അവഗണിക്കപ്പെട്ടതിന്റെയും കൂകി വിളിക്കപ്പെട്ടതിന്റെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് മാധ്യമ പ്രവർത്തകനായ എസ് ലല്ലു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. ഭാര്യ ലേബർ റൂമിൽ കുട്ടിക്ക് ജന്മം നൽകുമ്പോൾ മഴയത്ത് ക്യാമറക്ക് മുന്നിൽ മൈക്കും പിടിച്ച് ദിലീപിന്റെ ചോദ്യം ചെയ്യൽ വിവരങ്ങൾ ലോകത്തെ അറിയിക്കേണ്ടി വരുന്ന സഹിൻ ആന്റണിമാരുണ്ട് … നാളെയും വക്കീലന്മാർ തല്ലിയെന്നിരിക്കും.. പുതിയ വിശേഷണങ്ങൾ ചാർത്തിക്കിട്ടിയെന്നിരിക്കും… ഞങ്ങളിവിടെത്തന്നെ കാണും. ലല്ലു പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
ക്രെഡിറ്റ് അവൾക്കുള്ളതാണ്.. നാണക്കേട് ഭയന്ന് മിണ്ടാതിരിക്കാനല്ല മുന്നോട്ട് പോകാൻ തീരുമാനിച്ച ആ നടിക്ക് … അവർക്കൊപ്പം നിന്നവർക്ക് … തലയുയർത്തി നിൽക്കുന്ന പൊലീസിന് … രാവും പകലുമില്ലാതെ, വിശ്രമമില്ലാതെ വാർത്തയ്ക്ക് പിന്നാലെ പാഞ്ഞ സഹപ്രവർത്തകർക്ക് … ഈ ഓട്ടത്തിനിടെ എന്തെല്ലാം മാധ്യമ പ്രവർത്തകർ കേട്ടു .. ഇതിലല്ല, ഏത് സംഭവത്തിലും അതാണ് പതിവ്.. നിനക്കൊന്നും വേറേ പണിയൊന്നുമില്ലേടാ എന്നാണ് ചോദ്യം .. ഏത് വാർത്തയ്ക്ക് പിന്നാലെ പോയാലും ഇത് കേൾക്കാം… ചുമ്മാതല്ല നിന്നെയൊക്കെ വക്കീലന്മാര് തല്ലിയത് … അതാണ് അടുത്ത ഡയലോഗ്… അമ്മയുടെ വാർത്താ സമ്മേളനത്തിൽ സിനിമാക്കാര് മാധ്യമ പ്രവർത്തകരെ കൂകി വിളിച്ചപ്പോഴും ,അവന്മാർക്കത് വേണം എന്നായിരുന്നു പലരുടേയും പ്രതികരണം.. ഇതിനെല്ലാമിടയിൽ ഒരു പേരും … നാലാം ലിംഗക്കാർ. വാർത്ത കൊടുത്തതിനാണ് വക്കീലന്മാര് തല്ലിയതെന്ന് ഞങ്ങൾക്കറിയാം.. ചോദ്യം ചോദിച്ചതിനാണ് സിനിമാക്കാര് കൂകിയതെന്ന് ഞങ്ങൾക്കറിയാം… ആക്ഷേപങ്ങളും പരിഹാസങ്ങളും ഒന്നും ശ്രദ്ധിക്കാതെ മാധ്യമ പ്രവർത്തകർ അവരുടെ ജോലി ചെയ്യുകയാണ്.. ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പം മാത്രമല്ല, ജിഷക്കേസിലും, മിഷേലിന്റെ ദുരന്തത്തിലും നഴ്സുമാരുടെ ദുരിതത്തിലും എല്ലാം മാധ്യമ പ്രവർത്തകരുണ്ട് .. ഞങ്ങൾക്കിത് ജോലിയാണ് .. കോയമ്പത്തൂരിൽ സി ഡി തപ്പി പ്പോകുന്നതും തൃശൂർ പൂരം കവർ ചെയ്യുന്നതും മെഡിക്കൽ കോളേജിൽ വെള്ളം തീർന്നത് റിപ്പോർട്ട് ചെയ്യുന്നതും എല്ലാം ഞങ്ങൾ തന്നെയാണ് … വാച്ചിനൊപ്പം ജോലി ചെയ്യുന്നവരല്ല.. കൃത്യമായി ശമ്പളം കിട്ടുന്നവരും അത് കിട്ടിയിട്ട് മാസങ്ങളായവരും ഉണ്ട്.. ഭാര്യ ലേബർ റൂമിൽ കുട്ടിക്ക് ജന്മം നൽകുമ്പോൾ മഴയത്ത് ക്യാമറക്ക് മുന്നിൽ മൈക്കും പിടിച്ച് ദിലീപിന്റെ ചോദ്യം ചെയ്യൽ വിവരങ്ങൾ ലോകത്തെ അറിയിക്കേണ്ടി വരുന്ന സഹിൻ ആന്റണിമാരുണ്ട് … നാളെയും വക്കീലന്മാർ തല്ലിയെന്നിരിക്കും.. പുതിയ വിശേഷണങ്ങൾ ചാർത്തിക്കിട്ടിയെന്നിരിക്കും… ഞങ്ങളിവിടെത്തന്നെ കാണും…. വാർത്തകൾക്കൊപ്പം… കല്ലുകളും പൂക്കളും ഒരു പോലെ സ്വീകരിച്ച് കൊണ്ട്.
