
ന്യൂഡല്‍ഹി: വ്യോമസേനയിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ‘മാര്‍ഷല്‍ ഓഫ് ദി ഇന്ത്യന്‍ എയര്‍ഫോഴ്സ്’ ലഭിച്ച ഏക ഉദ്ദ്യോഗസ്ഥൻ അര്‍ജന്‍ സിങ് (98) അന്തരിച്ചു. ശനിയാഴ്ച രാത്രി 7.47-നായിരുന്നു അന്ത്യം. പ്രായാധിക്യവും രോഗബാധകളും മൂലം അവശനിലയിലായ അദ്ദേഹം ഡല്‍ഹിയിലെ സൈനിക ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പാകിസ്ഥാനെതിരായ 1965-ലെ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഉദ്ദ്യോഗസ്ഥനാണ് അര്‍ജന്‍ സിങ്. വ്യോമസേനയിലെ സര്‍വീസ് കാലത്തെ മികവു പരിഗണിച്ച് 2002 ജനുവരിയിൽ കേന്ദ്ര സര്‍ക്കാര്‍ അര്‍ജന്‍ സിങ്ങിനെ “മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്സ്” പദവി നല്‍കി ആദരിച്ചിരുന്നു.
അതോടെയാണ് എയര്‍ഫോഴ്സിന്റെ ചരിത്രത്തിലെ ആദ്യ ഫൈവ് സ്റ്റാര്‍ റാങ്ക് നേടിയഓഫിസറായി അദ്ദേഹം മാറിയത്. അസുഖ ബാധിതനായ അര്‍ജന്‍ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, വ്യോമസേനാ മേധാവി ബി.എസ്.ധനോവ തുടങ്ങി സര്‍ക്കാരിലെയും സൈന്യത്തിലെയും ഉന്നതര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
നാല്‍പത്തിയഞ്ചാം വയസ്സിലാണ് അര്‍ജന്‍ സിങ് ഇന്ത്യന്‍ വ്യോമസേനയുടെ തലപ്പത്ത് എത്തുന്നത്. 1964 ഓഗസ്റ്റ് ഒന്നിന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യ-പാക് യുദ്ധം എത്തി. 1965 സെപ്റ്റംബറില്‍ നടന്ന ആ യുദ്ധത്തില്‍ ആകാശതന്ത്രങ്ങളാല്‍ പാക്കിസ്ഥാനെ വിറപ്പിക്കുകയായിരുന്നു അര്‍ജന്‍ സിങ്. മൂന്നു വര്‍ഷം മുന്‍പുണ്ടായ ഇന്ത്യചൈന യുദ്ധത്തിലേതു പോലെ ഇന്ത്യ വ്യോമസേനയെ ഉപയോഗപ്പെടുത്തില്ലെന്നു കരുതിയ പാക്കിസ്ഥാനിന് അതൊരു വലിയ തിരിച്ചടിയായിരുന്നു. പാക്കിസ്ഥാന്റെ കണക്ക് കൂട്ടലാണ് അതോടെ തെറ്റിയത്. യുദ്ധം തുടങ്ങി അധികം വൈകാതെ തന്നെ ഐക്യരാഷ്ട്ര സഭ ഇടപെട്ട് വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയത് തിരിച്ചടിയായി എന്നും മൂന്നു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ പാക്കിസ്ഥാനെ അടിച്ചമർത്തിയേനെ എന്നുമാണ് ഇതിനെപ്പറ്റി അര്‍ജന്‍ സിങ് പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞത്. യുദ്ധസമയത്ത് ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ടായിരുന്നതു ബ്രിട്ടിഷുകാര്‍ ഉപേക്ഷിച്ചുപോയ മിസ്റ്റീര്‍, കാന്‍ബെറ, നാറ്റ്, ഹണ്ടര്‍, വാംപയര്‍ തുടങ്ങിയ യുദ്ധവിമാനങ്ങള്‍ മാത്രമായിരുന്നു. പാക്കിസ്ഥാന്റെ കയ്യിലാകട്ടെ സ്റ്റാര്‍ഫൈറ്റര്‍, സാബര്‍ജെറ്റ് തുടങ്ങിയ ആധുനിക വിമാനങ്ങളും. ഒപ്പം അമേരിക്കയുടെ കനത്ത പിന്തുണയും. ഏറ്റവും പുതിയ റഡാര്‍ സംവിധാനമാണ് പാക്കിസ്ഥാന്റെ കയ്യിലുള്ളത് എന്നതും ഇന്ത്യയെ കൂടുതൽ പ്രതിരോധത്തിലാക്കി. മാത്രവുമല്ല പത്താന്‍കോട്ടിലെ ഉള്‍പ്പെടെ സേനാകേന്ദ്രങ്ങളെ പാക് വ്യോമസേന ആക്രമിച്ചതും തുടക്കത്തില്‍ തന്നെ തിരിച്ചടിയായി.

എന്നാല്‍ തൊട്ടുപിന്നാലെ വ്യോമാക്രമണത്തിന് അന്നത്തെ പ്രതിരോധ മന്ത്രി വൈ.ബി. ചവാന്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു. ഇന്ത്യന്‍ വ്യോമസേന ഒന്നനങ്ങിയാല്‍ തങ്ങള്‍ അറിയുമെന്ന പാക്കിസ്ഥാന്റെ ‘റഡാര്‍ അഹങ്കാര’ത്തിന്റെ കണ്ണുവെട്ടിച്ച് അതോടെ ഇന്ത്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നു. കശ്മീര്‍ താഴ്വരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയുള്ള തന്ത്രപരമായ ഇടപെടലാണ് റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ സഹായിച്ചത്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ചെറു നാറ്റുകള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്റെ സാബര്‍ജെറ്റുകളെ ഇന്ത്യ തകര്‍ത്തു. അങ്ങനെ ഇന്ത്യ കരുത്ത് കാട്ടി. ഇന്ദിരാഗാന്ധി 1966 ജനുവരിയില്‍ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ദിരയുടെ ആദ്യനടപടികളിലൊന്ന് വ്യോമസേനാ മേധാവിയുടെ പദവി കരസേനാ മേധാവിക്കൊപ്പം ആക്കുകയായിരുന്നു. അങ്ങനെ അര്‍ജന്‍ സിങ് നാലു നക്ഷത്രങ്ങളുള്ള എയര്‍ ചീഫ് മാര്‍ഷലായി.”കരസേനയില്‍ ഫീല്‍ഡ് മാര്‍ഷല്‍, നാവികസേനയില്‍ അഡ്മിറല്‍ ഓഫ് ദ് ഫ്ലീറ്റ്, വ്യോമസേനയില്‍ മാര്‍ഷല്‍ ഓഫ് ദി എയര്‍ ഫോഴ്സ്” എന്നിവയാണു പഞ്ചനക്ഷത്രപദവികള്‍. കരസേനയില്‍ സാം മനേക് ഷായ്ക്കും കരിയപ്പയ്ക്കും വ്യോമസേനയില്‍ അര്‍ജനുമാണ് ഇന്നുവരെ ഈ പദവികള്‍ ലഭിച്ചിട്ടുള്ളത്.
