ഡല്‍ഹി : ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയായ നാഷണല്‍ രജിസ്റ്ററി ഒഫ് സിറ്റിസണ്‍ അസം പുറത്തിറക്കി. അസമിലെ നാല്‍പത് ലക്ഷം താമസക്കാര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് കണ്ടെത്തി. ആരെയും നാടുകടത്തില്ലെന്നും നിയമനടപടി ഉണ്ടാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം, അസമിലെ മുസ്ലിംങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും ഹാജരാകാന്‍ തെളിവ് രേഖകള്‍ ഇല്ലാത്തതിനാല്‍ തങ്ങളെ പട്ടികയില്‍ നിന്ന് പുറത്താക്കിയതെന്ന ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ അസമില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. 1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരെ കണ്ടെത്താനാണ് അസമില്‍ പൗരത്വപട്ടിക കേന്ദ്രം പുതുക്കിയത്. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയത് 3 കോടി 29 ലക്ഷം പേരാണ്. ഇവരില്‍ നിന്ന് അന്തിമ കരട് പട്ടികയില്‍ ഇടം നേടിയത് 2.89 കോടി പേര്‍ മാത്രമാണ്.
കഴിഞ്ഞ ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിയാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പുറത്ത് വിട്ടിരുന്നത്. ജൂണ്‍ 30 ആയിരുന്നു പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്ന അവസാന തീയതി. എന്നാല്‍ സംസ്ഥാനത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇത് ഒരുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു. ഇവര്‍ക്ക് വീണ്ടും അടുത്തമാസം മുപ്പത് വരെ അപേക്ഷ നല്‍കാം. ഈ പരാതികളില്‍ തീരുമാനം ആകുന്നത് വരെ ആര്‍ക്കെതിരെയും നടപടിയെടുക്കില്ലെന്നും ആരെയും നാടുകടത്തില്ലെന്ന ഉറപ്പും കേന്ദ്രം നല്‍കി. പട്ടികയില്‍ നിന്ന് പുറത്തായ പലര്‍ക്കും റേഷന്‍ കാര്‍ഡുണ്ട്. ചിലര്‍ വോട്ടര്‍ പട്ടികയിലും ഇടം കണ്ടെത്തി. എന്നാല്‍ പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയായി ഇവ സ്വീകരിച്ചില്ല. ആസമില്‍ ഏഴു ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. നൂറ്റിയമ്പത് കമ്പനി അര്‍ദ്ധസൈനിക വിഭാഗങ്ങളെക്കൂടി കേന്ദ്രം ആസമിലേക്കയച്ചു.
അസമില്‍ 40 ലക്ഷത്തോളം പേര്‍ ഇന്ത്യന്‍ പൗരന്‍മാരല്ല