ന്യൂഡല്‍ഹി: 827 അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഇന്റര്‍നെറ്റ് ദാതാക്കളായ മൂന്ന് ടെലികോം കമ്പനികള്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൈറ്റുകള്‍ ബ്ളോക്ക് ചെയ്തു. 857 അശ്ശീല സൈറ്റുകള്‍ നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി സെപ്റ്റംബര്‍ 27ന് ഉത്തരവിട്ടിരുന്നു. ഉത്തരവില്‍ സൂചിപ്പിച്ചിട്ടുള്ള 827 വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം മന്ത്രാലയം ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി. ജിയോ, ബി.എസ്.എന്‍.എല്‍, എം.ടി.എന്‍ തുടങ്ങിയ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഇതിനകം സൈറ്റുകള്‍ നിരോധിച്ചു കഴിഞ്ഞു. അശ്ലീല ഉള്ളടക്കം കണ്ടെത്താനായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 30 സൈറ്റുകളെ ലിസ്റ്റില്‍ നിന്ന് മന്ത്രാലയം ഒഴിവാക്കിയത്.
850 ലേറെ അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2015 ല്‍ ടെലികോം മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാല്‍ സാമൂഹികമാധ്യമങ്ങളിലും മറ്റും രൂക്ഷവിമര്‍ശം ഉയര്‍ന്നതോടെ ഉത്തരവ് ഭാഗികമായി പിന്‍വലിച്ചു. കുട്ടികളുടെ ചിത്രങ്ങള്ളും വീഡിയോകളും ഉള്ള സൈറ്റുകള്‍ ഇന്റര്‍നെറ്റ് സേവന കമ്പനികള്‍ ലഭ്യമാക്കരുതെന്ന ഉപാധിയോടെയായിരുന്നു സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. നിര്‍ദേശത്തില്‍ വ്യക്തതയില്ലെന്ന കാരണത്താല്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. തുടര്‍ന്ന് വിലക്കേണ്ട സൈറ്റുകളുടെ കൃത്യമായ പട്ടിക സര്‍ക്കാര്‍ നല്കി.
അശ്ലീല സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണം; ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം