മുംബൈ: അവിഹിത മാര്‍ഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നത് എന്നാരോപിച്ച് ബോളിവുഡ് താരം നിധി അഗര്‍വാളിനെ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് സൊസൈറ്റി നടിയെ ഇറക്കിവിട്ടത്. തനിച്ചു താമസിക്കുന്ന നടി എന്നതാണ് തനിക്കെതിരെ സൊസൈറ്റി ആരോപിക്കുന്ന കുറ്റമെന്ന് നിധി പറഞ്ഞു.

ബെംഗ്‌ളൂരു സ്വദേശിയായ നിധി കഴിഞ്ഞ ആറു മാസമായി ഒരു സുഹൃത്തിനൊപ്പമാണ് ഫ്‌ളാറ്റില്‍ താമസിച്ചുവരുന്നത്. ഒരു നടി തനിച്ച് താമസിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോള്‍ താമസിക്കാന്‍ പുതിയ സ്ഥലം തേടേണ്ട ഗതികേടിലാണ് താനെന്നും നിധി പറയുന്നു. വളര്‍ന്നുവരുന്ന നടികള്‍ക്ക് മുംബൈയില്‍ താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. നടികള്‍ അവിഹിത മാര്‍ഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നതെന്നാണ് പലരുടെയും വിശ്വാസം എന്നും നിധി കൂട്ടിച്ചേര്‍ത്തു.

ടൈഗര്‍ ഷ്രോഫ് നായകനായ മുന്ന മൈക്കലാണ് നിധി അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുംവരെ മറ്റ് പുരുഷന്മാരുമായി അടുപ്പം പുലര്‍ത്തരുതെന്ന കരാര്‍ ഒപ്പിടേണ്ടിവന്നിരുന്നു നിധിക്ക്. എന്നാല്‍ ഇത് ബോളിവുഡില്‍ വലിയ കോലാഹലമാണ് ഉണ്ടാക്കിയിരുന്നത്.