സലാല: ഹോട്ടല്‍ജീവനക്കാരിയായ മലയാളി യുവതിയെ സലാലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട്ടിലെ 42കാരിയായ സിന്ധുവാണ് കൊല്ലപ്പെട്ടത്. സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെിയത്. മൃതദേഹത്തില്‍ നിരവധി കുത്തേറ്റ പാടുകളുണ്ട്. പ്രതിയെ പിടികൂടിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. താമസസ്ഥലത്ത് കത്തിയുമായി കടന്നുകയറിയ പ്രതി സിന്ധുവിനെ കുത്തുകയായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പ്രതി കുറ്റം സമ്മതിച്ചതായും മോഷ്ടിച്ച ആഭരണങ്ങള്‍ വീണ്ടെടുത്തതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അനധികൃതമായി രാജ്യത്ത് എത്തിയ ആളാണ് ഈ കൊലപാതകിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

സിന്ധുവിന്റെ മൃതദേഹം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.