
മരടില്‍ സുപ്രീം കോടതി വിധി നടപ്പാക്കിക്കൊണ്ട് അവസാന കെട്ടിടവും തകര്‍ത്തു. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റാണ് അവസാനമായി തകര്‍ത്തത്. 30 മിനിറ്റ് വൈകിയാണ് ഗോള്‍ഡന്‍ കായലോരത്തിന്‍റെ തകര്‍ക്കല്‍ പൂര്‍ത്തിയായത്. നാല് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളിലായി 5 കെട്ടിടങ്ങളായിരുന്നു തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ചതായി സുപ്രീം കോടതി കണ്ടെത്തിയത്.

ഇവയെല്ലാം പൊളിച്ച് നീക്കണമെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു. വിധിക്കെതിരെ നിരവധി പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും വിധി പുറപ്പെടുവിച്ച കോടതി അവയെല്ലാം തള്ളുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മരട് മുനിസിപ്പാലിറ്റിയും ജില്ലാ ഭരണകൂടകൂടവും ചേര്‍ന്ന് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
പൊളിച്ച കെട്ടിടങ്ങളില്‍ ഏറ്റവും വലിപ്പം കുറഞ്ഞതും പൊളിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടായിരുന്നതുമായ കെട്ടിടമാണ് അവസാനമായി തകര്‍ത്ത ഗോള്‍ഡന്‍ കായലോരം. കെട്ടിടത്തിന് സമീപത്തായി സ്ഥിതി ചെയ്തിരുന്ന അംഗന്‍വാടിയും മറ്റൊരു ബഹുനില കെട്ടിടവുമാണ് കെട്ടിടം പൊളിക്കലിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചത്. എന്നാല്‍ അംഗന്‍വാടി കെട്ടിടത്തിന് തകരാറൊന്നും സംഭവിക്കാത്ത വിധത്തിലാണ് അവസാന കെട്ടിടവും തകര്‍ത്തത്. ഇതോടെ സുപ്രീം കോടതി വിധി പൂര്‍ണ്ണമായും നടപ്പാകുകയും ചെയ്തു.
