അവധി നല്‍കുന്നില്ല, എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി ജോലിചെയ്യുന്ന വനിതാ കണ്ടക്ടര്‍

  • Post category:news
  • Reading time:1 min read
You are currently viewing അവധി നല്‍കുന്നില്ല, എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി ജോലിചെയ്യുന്ന വനിതാ കണ്ടക്ടര്‍

തെലുങ്കാന: അവധി നല്‍കാത്തതിനെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ദിവസവും ജോലിചെയ്യേണ്ടി വരുന്ന ഒരു വനിതാ കണ്ടക്ടര്‍. തെലുങ്കാനയിലെ നാരായണ്‍ ഖദ്- സംഗ റഡ്ഡിപാതയിലോടുന്ന വനിതാ കണ്ടക്ടര്‍ ഇപ്പോള്‍ എല്ലാ യാത്രക്കാര്‍ക്കും അല്‍ഭുതമായി മാറുകയാണ്. ആലിയ ജഹാന്‍ എന്ന ഇരുപത്തഞ്ചുകാരിയായ യുവതിയാണ് കൈകുഞ്ഞുമായി ദുരിതം പേറുന്നത്. തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാരിയാണ് യുവതി. സംഗ റഡ്ഡി സ്വദേശിനിയായ യുവതിയുടേത് പ്രണയവിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പോടെയാണ് ഇപ്പോള്‍ ഭര്‍ത്താവ് രവീന്ദ്രറും രണ്ടുമക്കളുമായി ജീവിക്കുന്നത്. കുട്ടികളെ പരിപാലിക്കാന്‍ ആരുമില്ലാത്തതിനാല്‍ ജോലിക്ക് മക്കളേയും കൂടെ കൊണ്ടുപോകും. മൂത്തകുട്ടി രംഗനാഥ് ഉച്ചവരെ പ്രീ സകൂളില്‍ പോവുമെങ്കിലും ഉച്ചയ്ക്ക് ശേഷം പിതാവിന്റെ കൂടെയാണ് കഴിയുക. രണ്ടാമത്ത കുട്ടിക്ക് എട്ടുമാസം പ്രായമുള്ളതിനാല്‍ ആലിയ തന്റെ കണ്ടക്ടര്‍ ജോലിക്കൊപ്പം കൂടെകൂട്ടും. ചെറിയ കുട്ടിയായതിനാല്‍ ശ്രദ്ധയും പരിചരണവും ആവശ്യമായതിനാലാണ് മാതാവ് കുട്ടിയെ കൊണ്ടുപോകുന്നത്.

എന്നാല്‍ യുവതിയുടെ ദുരവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ആലിയ ജോലിക്ക് ഇനിവരേണ്ടെന്ന നിലപാടിലാണ് അധികൃതര്‍. കുട്ടിക്കൊപ്പം ജോലിചെയ്യുന്ന തന്റെ ചിത്രം പ്രചരിച്ചതിനാല്‍ ജോലി നഷ്ടമാകുമോയെന്ന ഭീതിയിലാണ് യുവതി. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ച് ലീവിന് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ പരിഗണിച്ചില്ല. പകരം നില്‍ക്കാന്‍ ആളില്ലാത്തതിനാല്‍ ജോലിയില്‍ തുടരേണ്ടി വന്നു. ഓര്‍ഡിനറി ബസില്‍ നിന്ന് എക്‌സ്പ്രസിലേക്ക് മാറ്റി ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കാവുന്ന സഹായം ചെയ്യാന്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ മുലയൂട്ടുന്നതും മറ്റുഭക്ഷണം നല്‍കുന്നതും യാത്രക്കിടേ തന്നെയാണ്.

0Shares