കെയ്‌റോ: ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ അല്‍പം ചൂടനാണെന്നാണ് പൊതുവെയുള്ള സംസാരം. പൊതു വേദികളിലും മറ്റും തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോ സന്ദര്‍ഭങ്ങളോ ഉണ്ടാകുമ്പോള്‍ അതിന് തക്ക രീതിയില്‍ അദ്ദേഹം പ്രതികരിക്കാറുമുണ്ട്. അത്തരം ഒരു സംഭവം സാക്ഷ്യപ്പെടുത്തുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അടുത്ത ദിവസം ഒരു ഈജിപ്ഷ്യന്‍ റിയാലിറ്റി പരിപാടിക്കിടെ ഉണ്ടായ ചില അനിഷ്ട സംഭവങ്ങളാണ് വീഡിയോ ദൃശ്യം. അതില്‍ ഷാരൂഖിന് തന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അവതാരകനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളുണ്ട്. അതേസമയം സെലിബ്രിറ്റികളെ കബിളിപ്പിക്കുന്ന ഒരു കോമഡി പരിപാടിയാണ് ഇതെന്നും പറയപ്പെടുന്നു.

ഈ ഷോയുടെ പകുതിയില്‍ വച്ച് ഷാരൂഖ് ഇറങ്ങി പോകുകയായിരുന്നു. മരുഭൂമിയിലെ മണല്‍ച്ചുഴിയില്‍ അകപ്പെട്ട് കിടക്കുന്ന ഷാരൂഖും യുവതിയും, അവരുടെ അരികിലേക്ക് നടന്നുവരുന്ന ഭീമാകാരനായ ഒരു കൊമോഡോ ഡ്രാഗന്‍. എന്തുചെയ്യണമെന്ന അവസ്ഥയില്‍ സൂപ്പര്‍താരം ചുഴിയില്‍ നില്‍ക്കുന്ന കാഴ്ച. അവതാരകന്‍ തന്നെയാണ് ഡ്രാഗനായി എത്തിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞ താരം ഷോയില്‍ തന്റെ ദേഷ്യം പ്രകടിപ്പിച്ചു. ഉറഞ്ഞ് തുള്ളിയ ഷാരൂഖിന്റെ ദേഷ്യം കണ്ട് അവതാരകന്‍ മാപ്പുപറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. ഇതിനാണോ തന്നെ ഇന്ത്യയില്‍ നിന്ന് ഇവിടെ വരെ കൊണ്ടുവന്നതെന്നും മാപ്പര്‍ഹിക്കാന്‍ പറ്റാത്ത തെറ്റാണിതെന്നും ഷാരൂഖ് അവതാരകനോട് കയര്‍ത്ത് പറഞ്ഞു.