
തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് കോഴ ബി. ജെ. പിയെ പ്രതിരോധത്തിലാക്കിയ സാഹചര്യം നിലനില്‍ക്കെ നാളെ നടക്കാനിരുന്ന ബി. ജെ. പി കോര്‍ കമ്മിറ്റിയോഗം റദ്ദാക്കി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പനി ബാധിച്ചതിനാലാണ് കോര്‍ കമ്മിറ്റിയോഗം മാറ്റിയതെന്നാണ് ബി. ജെ. പിയുടെ വിശദീകരണം. മറ്റന്നാള്‍ തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റിയോഗം ചേരും. നാളെയും മറ്റന്നാളുമായാണ് ആലപ്പുഴയില്‍ കോര്‍ കമ്മിറ്റിയോഗം കൂടാനിരുന്നത്. അതേസമയം, ബി. ജെ. പി സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽകോളേജ് അഴിമതിയെപ്പറ്റി വിജിലൻസ് അന്വേഷണം നടത്തും. തിരുവനന്തപുരം കോർപ്പറേഷൻ മുൻകൗൺസിലറുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

വിജിലൻസ് ഡയറക്ടർ ലോക് നാഥ് ബെഹ്റയാണ് അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. മെഡിക്കൽ കോഴ ആരോപണം ദേശീയതലത്തിൽ വരെ ചർച്ചയായിട്ടും കേരളത്തിലെ നേതാക്കൾ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് പ്രതികരണം ആരാഞ്ഞപ്പോൾ പനി പിടിച്ചു കിടക്കുകയാണെന്നും ഇപ്പോൾ സംസാരിക്കാനാകില്ലെന്നുമായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
