അഴിമതിയും ലൈംഗികാതിക്രമവും ഉള്‍പ്പെടെ പരാതികള്‍; 12 ഉന്നത നികുതി ഉദ്യോഗസ്ഥരോട് സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകാന്‍ കേന്ദ്ര ധന മന്ത്രാലയം; കേന്ദ്രസര്‍ക്കാര്‍ അഴിമതി വിരുദ്ധ പാതയിലേക്കോ?

  • Post category:news
  • Reading time:2 mins read
You are currently viewing അഴിമതിയും ലൈംഗികാതിക്രമവും ഉള്‍പ്പെടെ പരാതികള്‍; 12 ഉന്നത നികുതി ഉദ്യോഗസ്ഥരോട് സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകാന്‍ കേന്ദ്ര ധന മന്ത്രാലയം; കേന്ദ്രസര്‍ക്കാര്‍ അഴിമതി വിരുദ്ധ പാതയിലേക്കോ?

രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാര്‍ അഴിമതി വിരുദ്ധപാതയില്‍ സഞ്ചരിക്കുന്നു എന്ന വികാരമാണ് സര്‍ക്കാരിന്‍റെ ആദ്യ നാളുകളിലെ തീരുമാനത്തില്‍ നിന്നും വ്യക്തമാകുന്നത്. അഴിമതി, ലൈംഗികാതിക്രമ പരാതികള്‍ നേരിടുന്ന 12 ഉന്നത നികുതി ഉദ്യോഗസ്ഥരോട് സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകാന്‍ കേന്ദ്ര ധന മന്ത്രാലയം ആവശ്യപ്പെട്ടു. പണം തട്ടല്‍, കൈക്കൂലി, ലൈംഗികാതിക്രമം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരാണിവര്‍ എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നു.

എട്ട് ഉദ്യോഗസ്ഥര്‍ ഗുരുതര അഴിമതി ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയും ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത് എന്ന് എന്‍.ഡി.ടി.വി ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടപടി നേരിടുന്നവരില്‍ ഭൂരിഭാഗം പേരും ഉന്നത പദവികള്‍ വഹിക്കുന്നവരാണ് – ചീഫ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍, കമ്മീഷണര്‍ തസ്തികകളിലുള്ളവര്‍. ഇന്‍കം ടാക്സ് ജോയിന്റ് കമ്മീഷണറും എന്‍ഫോഴ്‌സ്‌മെന്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ അശോക് അഗര്‍വാള്‍, നോയ്ഡയിലെ അപ്പീല്‍ കമ്മീഷണര്‍ എസ്‌.കെ ശ്രീവാസ്തവ, റവന്യൂ ഉദ്യോഗസ്ഥന്‍ ഹോമി രാജ് വംശ് എന്നിവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഇതില്‍ അശോക് അഗര്‍വാള്‍ നേരത്തെയും അഴിമതി, കൈക്കൂലി ആരോപണങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. നരസിംഹ റാവുവിന്‍റെ കാലത്തെ വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയെ സഹായിച്ച ബിസിനസുകാരില്‍ നിന്ന് പണം തട്ടിയെന്ന ആരോപണം അശോക് അഗര്‍വാളിനെതിരെയുണ്ട്. 12 കോടി രൂപയുടെ അനധികൃ സ്വത്ത് അശോക് അഗര്‍വാളിനുണ്ട് എന്ന് സി.ബി.ഐ ആരോപിക്കുന്നു.

രണ്ട് വനിത ഉദ്യോഗസ്ഥര്‍ക്ക് നേരെ ലൈംഗികാതിക്രമം കാട്ടി എന്നാണ് എസ്‌.കെ ശ്രീവാസ്തവയ്‌ക്കെതിരായ പരാതി. എസ്. കെ ശ്രീവാസ്തവ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി കുറ്റം ചുമത്തുകയും നികുതി വെട്ടിപ്പ് ആരോപിക്കുകയും ഇവരെ വേശ്യകളെന്ന് വിളിക്കുകയും എം.പി ജയ് നാരായണ്‍ നിഷാദ് വഴി ഇവര്‍ക്കെതിരെ പെറ്റീഷന്‍ നല്‍കുകയും ചെയ്തു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) ചെയര്‍മാനും അംഗങ്ങള്‍ക്കും എതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ശ്രീവാസ്തവയ്ക്ക് 15 ദിവസം തടവ് ശിക്ഷ നല്‍കിയിരുന്നു. 3.17 കോടി രൂപയുടെ സ്ഥാവര, ജംഗമ വസ്തുക്കള്‍ അനധികൃതമാി സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസ് നേരിടുന്ന ഹോമി രാജ്‌വംശിനെ നേരത്തെ അറസ്റ്റ് ചെയ്യുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

0Shares