
തിരുവനന്തപുരം: “അഴിമതിയില്‍ മുങ്ങിക്കുളിച്ച് പാര്‍ട്ടി നേതൃത്വം, തലകുനിച്ച് പ്രവര്‍ത്തകര്‍ പൊതുസമൂഹത്തില്‍” എന്ന തലക്കെട്ടോടെ മെഡിക്കല്‍ കോളജ് അഴിമതിയുടെ പേരില്‍ കളങ്കിതമായ ബി. ജെ. പി. നേതൃത്വത്തിന് തിരിച്ചടിയായി അഴിമതിക്കഥകള്‍ വിശദീകരിക്കുന്ന കത്ത് പുറത്ത്. നേതാക്കളുടെ പേരുപറയാതെ വ്യക്തമായ സൂചനകള്‍ നല്‍കുന്ന കത്തില്‍ കോടികളുടെ അഴിമതിക്കഥകളാണ് പറഞ്ഞിരിക്കുന്നത്. ആരോപണവിധേയര്‍ക്കെതിരേ കര്‍ശന നിലപാടെടുത്തില്ലെങ്കില്‍ ബൂത്ത് തലം മുതല്‍ സേവ് ബി. ജെ. പി. ഫോറം എന്ന ബദല്‍ സംവിധാനം മുളപൊട്ടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന നേതാക്കള്‍ക്കു കത്ത് ലഭിച്ചത്.
മുന്‍ എസ്. എഫ്. ഐ. നേതാവായ ഒരു സംസ്ഥാന സെക്രട്ടറി അലാവുദ്ദീനെയും അത്ഭുതവിളക്കിനെയും അമ്ബരപ്പിക്കുന്ന വളര്‍ച്ചയാണ് നടത്തുന്നത്. 2011-ല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച ഇദ്ദേഹത്തിന്റെ ആസ്തി 24 ലക്ഷമാണെന്നും 4,90,000 രൂപ ബാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2016-ല്‍ മത്സരിക്കുമ്പോള്‍ ആസ്തി ഒരു കോടിയായി ഉയര്‍ന്നു. രണ്ടു സംസ്ഥാന നേതാക്കള്‍ക്കൊപ്പം ഇദ്ദേഹം മംഗലാപുരത്ത് ടിന്‍ ബിയര്‍ കമ്പനി നടത്തുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് സമയത്ത് അനധികൃതമായി കോടികള്‍ പിരിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പരാതിയുണ്ടെന്നും കത്തിന്‍റെ ആദ്യഭാഗത്ത് വിശദീകരിക്കുന്നു. തിരുവനന്തപുരത്ത് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പാര്‍ട്ടിക്കു വേണ്ടി ജീവത്യാഗം ചെയ്തവരെ വിസ്മരിച്ച് കോടിക്കണക്കിന് രൂപയാണ് നേതാക്കള്‍ വാരിക്കൂട്ടുന്നത്. സംഘടനയുടെ തലപ്പത്തെ പ്രചാരകന്‍മാര്‍ പോലും ഇതിന് കൂട്ടുനില്‍ക്കുന്നു. സംസ്ഥാന നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെ കൊയ്ത്ത് നിര്‍ബാധം തുടരുന്നു. കഴിഞ്ഞ തവണ കഴക്കൂട്ടത്ത് മത്സരിച്ച നേതാവ് രണ്ടരലക്ഷംരൂപ പ്രതിമാസ ചെലവോടെ സമാന്തര ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നു. ഇദ്ദേഹത്തിന് കോഴിക്കോട് നഗരത്തില്‍ സ്വന്തം സ്ഥലവും കെട്ടിടവുമുണ്ട്. മെഡിക്കല്‍ കോളജ് അഴിമതി അന്വേഷിച്ച കമ്മിഷനംഗം വണ്ടിച്ചെക്ക് കേസിലെ പ്രതിയാണ്. കോടികളില്‍ കുറഞ്ഞൊന്നും നേതാക്കള്‍ തൊടില്ല എന്ന തലക്കെട്ടോടെയാണ് കത്തിന്റെ രണ്ടാംഭാഗം ആരംഭിക്കുന്നത്. പാലക്കാട്ടെ പ്രമുഖ ആശുപത്രിയിലെ രണ്ടു കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ജില്ലയിലെ ഒരു സംസ്ഥാന സെക്രട്ടറി നാലു കോടി രൂപ വാങ്ങി.
തൃശൂരിലെ പ്രമുഖ നേതാവ് അഞ്ചു കോടി മുതല്‍മുടക്കില്‍ ടൈല്‍ ഫാക്ടറി വാങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ മാരാര്‍ജി ഭവനിലെത്തിയ ഐ. ടി വിദഗ്ധനും ലക്ഷങ്ങള്‍ വെട്ടിച്ചു. തെരഞ്ഞെടുപ്പു സമയത്ത് “ബള്‍ക്ക് മെസേജ്എന്ന ന്യൂതന സങ്കല്‍പ്പവുമായി മാരാര്‍ജി പടിക്കലെത്തിയ പ്രമുഖനായൊരു കോണ്‍ഗ്രസുകാരന്‍ സംസ്ഥാന കമ്മറ്റി ഓഫീസിലെ സെക്രട്ടറിയായി. പാര്‍ട്ടിയിലെ ഏക വനിതാ ജനറല്‍ സെക്രട്ടറി കാല്‍ക്കോടി രൂപ വിലയുള്ള ആഡംബരവാഹനം സ്വന്തമാക്കിയതായും കത്തിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്ബ് നാലു സ്യൂട്ട് കേസുകളിലായി ഒരു നേതാവ് കോടിക്കണക്കിന് രൂപ കടത്തി. തലസ്ഥാനത്തെ ഒരു കൗണ്‍സിലര്‍ അവിഹിത ഗര്‍ഭത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ്. ഇതിനൊക്കെ മറുപടി പറയാന്‍ നേതൃത്വം തയാറായില്ലെങ്കില്‍ പ്രസ്ഥാനത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരബലിദാനികള്‍ പൊറുക്കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
