
ലോക്സഭാതിരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ യു.പിയിലെ കോൺഗ്രസിൽ വന്‍ അഴിച്ചുപണി. സംസ്ഥാനത്തെ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടു. പാർട്ടിയുടെ മോശം പ്രകടനത്തിന് പിന്നിൽ സംഘടനയുടെ അടിത്തട്ടിലെ പ്രവർത്തനങ്ങൾ മോശമായതാണെന്ന് കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഡി.സി.സികൾ പൂർണമായും പിരിച്ച് വിട്ടത്.

എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോവുന്ന മേഖലയിൽ സംഘടനാ ചുമതലകൾക്കായി രണ്ടംഗ സമിതിയെയും നിയോഗിച്ചിട്ടുണ്. കൂടാതെ പുനഃസംഘടനയ്ക്കായി അജയ് കുമാർ ലാലുവിനെയും എ.ഐ.സി.സി ചുമതലപ്പെടുത്തി. സംസ്ഥനത്തെ 80 സീറ്റുകളിൽ ഒരെണ്ണത്തിൽ മാത്രമായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനായത്.
പാർട്ടി അധ്യക്ഷൻ മൽസരിച്ച അമേഠിയില്‍ ഉള്‍പ്പെടെ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. പ്രിയങ്ക ഗാന്ധിക്ക് ചുമതലയുണ്ടായിരുന്ന കിഴക്കൻ യൂ.പിയിലും നേട്ടമുണ്ടാക്കാന്‍ കോൺഗ്രസിന് കഴിഞ്ഞില്ല. റായ്ബറേലിയില്‍ മൽസരിച്ച യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിമാത്രമാണ് യു.പിയിൽ നിന്നും പാർലമെന്റിലെത്തിയ പാർട്ടി പ്രതിനിധി.
