
അള്‍ജിയേഴ്‌സ്: ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 250 കടന്നതായി റിപ്പോര്‍ട്ട്. അള്‍ജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. പ്രാദേശിക സമയം ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. അപകടം നടന്നയുടൻ മരണസംഖ്യ നൂറ് എന്നാണു വിലയിരുത്തപ്പെട്ടിരുന്നത്. ഇത് ഇനിയും ഉയരാനാണ് സാധ്യത.

വിമാനത്തില്‍300 ല്‍ അധികം യാത്രക്കാരുണ്ടായിരുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരിലധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സൂചന. അള്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നു വീണത്. അപകടസ്ഥലത്തു നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി 14 ആംബുലന്‍സുകളും പത്ത് ട്രക്കുകളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഉടന്‍ എത്തിചേര്‍ന്നിരുന്നു. നാലു വര്‍ഷം മുന്‍പ് അള്‍ജീരിയയില്‍ സമാനമായ അപകടത്തില്‍ 77 പേര്‍ മരിച്ചിരുന്നു.
