വാഷിങ്ടണ്‍: വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതിനു പിറകെ അമേരിക്കയുടെയും രാസായുധ പ്രയോഗം. സിറിയയിലെ ഷായരത് വ്യോമതാവളത്തിന് നേരെയാണ് അറുപതോളം മിസൈലുകള്‍ അമേരിക്ക വര്‍ഷിച്ചത്. സിറിയന്‍ വ്യോമ താവളത്തിന്റെ എയര്‍ സ്ട്രിപ്പ്, യുദ്ധ സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലം, കണ്‍ട്രോള്‍ ടവര്‍, വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലം എന്നിവിടങ്ങളിലാണ് അമേരിക്ക ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുദ്ധക്കൊതിയനെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്ന ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റായതിനുശേഷമുള്ള ആദ്യത്തെ സൈനിക നടപടിയാണിത്.

സിറിയന്‍ സര്‍ക്കാര്‍ നടത്തിയ രാസായുധ പ്രയോഗത്തിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. തിരിച്ചടി ദേശീയ സുരക്ഷാ താല്‍പര്യത്തിന് ആവശ്യമായിരുന്നു. സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന കൂട്ടക്കുരുതി തടയാന്‍ രാജ്യാന്തരസമൂഹം ഇടപെടണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമതരുടെ നിയന്ത്രണ മേഖലയായ ഇദ്ലിബ് പ്രവിശ്യയിലെ ഖാന്‍ ശൈഖൂനില്‍ ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യം സരിന്‍ വിഷ വാതക പ്രയോഗം നടത്തിയത്. അല്‍ അസദ് ഭരണകൂടത്തെ പുറത്താക്കുന്നത് തങ്ങളുടെ പ്രധാന അജന്‍ഡയില്‍ വരുന്നതല്ലെന്നായിരുന്നു കഴിഞ്ഞയാഴ്ച അമേരിക്ക വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സിറിയയില്‍ അല്‍ അസദ് ഭരണകൂടം നടത്തിയ രാസായുധ പ്രയോഗമാണ് അമേരിക്കയുടെ നിലപാടില്‍ മാറ്റം വരുത്തിയത്. ഇതിനെ തുടര്‍ന്നാണ് അമേരിക്ക സിറിയയില്‍ മിസൈലാക്രമണം നടത്തിയത്.