കെയ്റോ: അല്പ വസ്ത്രം ധരിച്ച് ശരീരഭാഗം പ്രദര്‍ശിപ്പിച്ചു നടക്കുന്ന സ്ത്രീകളെ ബലാല്‍സംഗം ചെയ്യേണ്ടത് ഓരോരുത്തരുടെയും ദേശീയ കടമയാണെന്ന് ഈജിപ്തിലെ മുതിര്‍ന്ന അഭിഭാഷകന്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് തികച്ചും സ്ത്രീവിരുദ്ധമായ നിലപാട് നബീല്‍ അല്‍ വഹ്ശ് എന്ന അഭിഭാഷകന് സ്വീകരിച്ചത്. ഇതിനെതിരെ ഈജിപ്തില്‍ പ്രതിഷേധം നടക്കുകയാണ്. തുടകളുടെ പകുതിയും കാണിച്ച് ഒരു പെണ്‍കുട്ടി തെരുവിലൂടെ നടക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാവുമോ..? സ്ത്രീകള്‍ സ്വയം ബഹുമാനിക്കണം, എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ അവരെ ബഹുമാനിക്കൂ. അവരുടെ ശരീരം സംരക്ഷിക്കേണ്ടത് അവര്‍ തന്നെയാണ്. അന്യ പുരുഷന്മാരെ കാണിക്കുന്നവിധം ഒരു പെണ്ണ് വസ്ത്രം ധരിച്ച് പൊതുസ്ഥലത്തുകൂടി നടക്കുകയെങ്കില്‍ അവള് ബലാല്‍സംഗത്തിനുള്ള ക്ഷണമാണ് നല്‍കുന്നത്. അത്തരം സ്ത്രീകളുടെ വസ്ത്രധാരണ കാരണമാണ് നാട്ടില്‍ ബലാല്‍സംഗം കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികത്തൊഴിലുമായി ബന്ധപ്പെട്ട് രാജ്യത്ത് വരാനിരിക്കുന്ന നിയമത്തിന്റെ കരടിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് അഭിഭാഷകന്റെ ഈ പരാമര്‍ശം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ നഗരമാണ് ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോ എന്ന് സര്‍വേ ഫലം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അഭിഭാഷകന്റെ വിവാദ പരമാര്‍ശം എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.
അതേസമയം അഭിഭാകനെതിരേ ഈജിപ്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. അഭിഭാഷകനെതിരെ നിയമനിടപടി സ്വീകരിക്കുമെന്ന് ഈജിപ്തിലെ ദേശീയ വുമണ്‍ കൗണ്‍സില്‍ അറിയിച്ചു. സ്ത്രീകളുടെ വസ്ത്രധാരണവും സ്ത്രീപീഡനവുമായി യാതൊരു ബന്ധവുമില്ലെന്ന് കൗണ്‍സില്‍ അധ്യക്ഷ മായമുര്സി പറഞ്ഞു. എന്നാല്‍ പ്രതിഷേധം ശക്തമായിട്ടും വഹ്ശിന് യാതൊരു കുലുക്കവുമില്ല. പിറക് വശത്ത് കീറിയ ജീന്‍സിട്ട് നടക്കുന്നത് ബലാല്‍സംഗത്തിനുള്ള ക്ഷണമാണെന്ന തന്റെ നിലപാട് ആവര്‍ത്തിച്ച് ഇയാള്‍ വീണ്ടും രംഗത്ത് വരികയും ചെയ്തു.