ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ പ്രവേശിച്ചു. ഇരു ടീമുകള്‍ക്കും സെമിയില്‍ കടക്കാന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിനാണ് എ.ബി ഡിവില്ലിയേഴ്‌സിനെയും കൂട്ടരെയും തോല്‍പ്പിച്ചത്. അങ്ങനെ ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 44. 3 ഓവറില്‍ 191 ഓള്‍ ഔട്ട്. ഇന്ത്യ 38 ഓവറില്‍ രണ്ട് വിക്കറ്റിന് 193. കുഞ്ഞന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ കുറച്ച് നേരം വിറപ്പിച്ചു എങ്കിലും കാര്യമുണ്ടായില്ല. 
കൂറ്റനടിക്ക് ശ്രമിച്ച് രോഹിത് ശര്‍മ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 23. എന്നാല്‍ വിരാട് കോലി (76 നോട്ടൗട്ട്) ശിഖര്‍ ധവാനെയും (78) യുവരാജ് സിംഗിനെയും (23 നോട്ടൗട്ട്) കൂട്ടുപിടിച്ച് അനായാസം ഇന്ത്യയെ വിജയത്തിലേക്കും സെമിഫൈനലിലേക്കും എത്തിച്ചു. നേരത്തെ ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക ചെറിയ സ്‌കോറില്‍ ഒതുങ്ങി. ദക്ഷിണാഫ്രിക്ക ബാറ്റിംഗ് നിരയില്‍ 53 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റന്‍ ഡികോക് മാത്രമാണ് തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഭുമ്ര എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.