അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ കൃത്രിമ വാര്‍ത്തകളോ? കൂട്ട രാജിക്കൊരുങ്ങി ജീവനക്കാര്‍!…

  • Post category:news
  • Reading time:1 min read
You are currently viewing അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ കൃത്രിമ വാര്‍ത്തകളോ? കൂട്ട രാജിക്കൊരുങ്ങി ജീവനക്കാര്‍!…

ന്യൂഡല്‍ഹി: പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള ‘റിപ്പബ്ലിക്ക്’ ടി.വി ചാനല്‍ സംപ്രേക്ഷണം തുടങ്ങിയത്. എന്നാല്‍ ചാനല്‍ അധാര്‍മിക മാധ്യമ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ചാനല്‍ തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ രാജി വച്ചിരിക്കുകയാണ് ഇവിടുത്തെ ഒരു ജീവനക്കാരി. ചാനലിലെ ബിസിനസ് റിപ്പോര്‍ട്ടറും അവതാരകയുമായ മാധ്യമപ്രവര്‍ത്തക ചെയ്റ്റി നെരൂലയാണ് ജോലി രാജി വച്ചത്. സി.എ.ന്‍എന്‍.ഐ.ബി.എന്‍, ഇ.ടി.നൗ, വിയോണ്‍ ടി.വി എന്നീ സ്ഥാപനങ്ങളിലും ബിസിനസ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് ചെയ്റ്റി.
ആരോപണം സംബന്ധിച്ച് റിപ്പബ്ലിക്ക് ചാനലിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ചെയ്റ്റിയെ പുറത്താക്കിയെന്ന് ലോകമറിയാനാകും അര്‍ണാബ് ഗോസ്വാമി താല്‍പര്യപ്പെടുന്നതെന്ന് ചെയ്റ്റിയുടെ ഒരു സുഹൃത്ത് പ്രതികരിച്ചു.

ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും സുഹൃത്ത് പറഞ്ഞു. അര്‍ണാബിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസ്യത നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എഡിറ്റോറിയല്‍ വിഭാഗത്തിന് പുറമേ സാങ്കേതിക വിഭാഗത്തില്‍ നിന്നും ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നുണ്ടെന്നാണ് സൂചന. മെയ് ആറിനാണ് റിപ്പബ്ലിക് ചാനല്‍ ലോഞ്ച് ചെയ്തത്. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഇതിന് ശേഷം സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ വാര്‍ത്ത സംപ്രേക്ഷണം ചെയ്തിരുന്നു. കാഴ്ചക്കാരെ കൂട്ടുന്നതിനു വേണ്ടി കൃത്രിമത്വം കാട്ടുന്നതായി ചാനലിനെതിരെ ഇതിനകം വ്യാപകമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ ഉടമകള്‍ ചാനലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

0Shares