
ന്യൂഡൽഹി: ആയോധ്യ തർക്ക ഭൂമി കേസിൽ മധ്യസ്ഥ സമിതിയുടെ കാലാവധി സുപ്രീംകോടതി നീട്ടി. ആഗസ്റ്റ് 15 വരെയാണ് കാലാവധി നീട്ടിയത്. കാലാവധി നീട്ടണമെന്ന സമിതി ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാണ് ഭരണഘടന ബെഞ്ചിന്‍റെ ഉത്തരവ്. മുസ്ലിം സംഘടനകൾ മധ്യസ്ഥ ചർച്ചകൾക്ക് സമയം നീട്ടി നൽകുന്നതിനെ അനുകൂലിച്ചു.
ചർച്ചകൾക്ക് എട്ടാഴ്ചത്തെ സമയമാണ് സമിതിക്ക് നേരത്തെ നൽകിയിരുന്നത്. മധ്യസ്ഥ ചർച്ചയിൽ പുരോഗതി ഉണ്ടെന്ന് സമിതി അറിയിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. രേഖകളുടെ തർജ്ജിമ സംബന്ധിച്ച ഏതെങ്കിലും പരാതി ഉണ്ടെങ്കിൽ അത് രജിസ്ട്രി യെ അറിയിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മാര്‍ച്ച് എട്ടിന് കേസ് പരിഗണിച്ച കോടതി വിഷയം പഠിക്കാന്‍ മധ്യസ്ഥ സമിതിയെ നിയോഗിച്ചിരുന്നു.

വിരമിച്ച ജഡ്ജി ജസ്റ്റിസ് എഫ്. എം. ഐ. ഖലീഫുല്ലയാണ് സമിതിയുടെ തലവന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരാണ് സമിതയിലെ മറ്റു അംഗങ്ങള്‍. ഇതുവരെയുള്ള നടപടി ക്രമങ്ങള്‍ വിശദീകരിച്ച് മധ്യസ്ഥ സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, നീര്‍മോഹി അഖാര, രാം ലല്ല എന്നീ വിഭാഗങ്ങള്‍ക്ക് തുല്യമായി വീതിച്ചുനല്‍കിയ 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച 14 അപ്പീലുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്.
