കൊച്ചി: കുട്ടികള്‍ക്ക് അവരുടെ അമ്മമാരുടെ മരണത്തോളം വലിയ ദുഖം വേറൊന്നും ഭൂമിയില്‍ കാണാനാവില്ലെന്നത് സത്യമാണ്. മാതാവിന്റെ മറക്കാത്ത ഓര്‍മകള്‍ സൂക്ഷിക്കാന്‍ മക്കള്‍ പലശ്രമങ്ങളും നടത്താറുണ്ട്. ഇതുപോലെ മരിച്ചുപോയ തങ്ങളുടെ അമ്മയുടെ ഓര്‍മ്മയ്ക്കായി ഒരു ഗാനത്തിന് രൂപം നല്‍കിയിരിക്കുകയാണ് സംഗീതസംവിധായകന് ബിജിപാലിന്റെ മക്കള്‍. നേരത്തെ തങ്ങളെ വിട്ടു പോയ അമ്മക്ക് വേണ്ടി ബിജിപാലിന്റെ രണ്ടു മക്കളും ബിജിപാലിന്റെ സഹോദരന്റെ മകളും ചേര്‍ന്ന് ഒരുക്കിയ ഗാനം വൈറലാകുകയാണ്. ബിജിപാലിന്റെ മകന് ദേവദത്തും മകള്‍ ദയയും ഒപ്പം അവരുടെ കസിന് ആയ ലോലയുമാണ് ഗാനരംഗത്തിലുള്ളത്. ദേവദത്താണ് ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ഗാനം രചിച്ചതാകട്ടെ ലോലയും. രണ്ടു മിനിറ്റു 47 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയില്‍ മൂവരും പ്രത്യക്ഷപെടുന്നുമുണ്ട്. ഗാനത്തിന് വയലിന് വായിച്ചു കൊണ്ട് ബിജിപാലും ഈ മനസ്സ് തൊടുന്ന ഗാനത്തിനൊപ്പമുണ്ട്. ജോബിന് കായനാട് ആണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നതും അത് എഡിറ്റ് ചെയ്തിരിക്കുന്നതും. കൈ പിടിച്ചു പിച്ച വെച്ച് എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കുട്ടികള്‍ മൂന്നു പേരും ചേര്‍ന്നാണ്. സന്ദീപ് മോഹന്‍ ആണ് ഗാനത്തിന് ഗിറ്റാര്‍ വായിച്ചിരുന്നത്.
ബിജിപാലിന്റെ ഭാര്യയും പ്രശസ്ത നര്‍ത്തകിയുമായിരുന്ന ശാന്തി മോഹന്‍ദാസ് രണ്ട് മാസം മുമ്പാണ് മരണപ്പെട്ടത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് പത്തൊന്‍പതാം തീയതിയാണ് മരണം. ഏതായാലും ബിജിപാലിന്റെ മക്കള്‍ ഒരുക്കിയ ഈ ഗാനാഞ്ജലി ലോകമെമ്പാടുമുള്ള മലയാളികള്‍ ഹൃദയത്തില്‍ സ്വീകരിച്ചുകഴിഞ്ഞു.
