കൊച്ചി: കോടതി നിര്‍ദേശ പ്രകാരം താര സംഘടനയായ അമ്മയില്‍ രൂപീകരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ മി ടൂ വെളിപ്പെടുത്തലുമായി നടിമാര്‍. കോടതിയുടെ തീരുമാന പ്രകാരം മോഹന്‍ലാലിന്റെ നിര്‍ദേശം അനുസരിച്ചാണ് അമ്മയില്‍ മൂന്നംഗ വനിതാ സെല്‍ രൂപീകരിച്ചത്. ഇടവേള ബാബു, കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് വനിതാ സെല്ലിലെ അംഗങ്ങള്‍. യോഗത്തില്‍ അംഗങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തി. ഇനിമുതല്‍ ഇത്തരത്തിലൊരവസ്ഥ ആര്‍ക്കും ഉണ്ടാകരുതെന്നും അതിനാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യോഗം അവസാനിക്കുകയായിരുന്നു. അതേസമയം പുതിയ വെളിപ്പെടുത്തലുകള്‍ അമ്മയില്‍ പുതിയ തലവേദനകള്‍ സൃഷ്ടിക്കുകയാണ്. സിനിമ ചിത്രീകരണത്തിനിടയില്‍ സംഭവിച്ച ദുരാനുഭവത്തില്‍ സംഘടന പിന്തുണച്ചില്ലെന്ന് നടി ശ്രീദേവിക തുറന്നടിച്ചു. അമ്മ അംഗങ്ങളുടെ പരാതികള്‍ വനിത സെല്ലൊന്നും ഇല്ലാതെ തന്നെ തങ്ങള്‍ക്കു കൈകാര്യം ചെയ്യാനറിയാമെന്ന അമ്മ സെക്രട്ടറി സിദ്ദീഖിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളില്‍ അഭിനയിച്ച ശ്രീദേവികയുടെ കത്ത്.
ശ്രീദേവികയുടെ കത്തില്‍ പറയുന്നത് ഇതാണ്, 2006ല്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3- 4 ദിവസം തുടര്‍ച്ചയായി ഞാന്‍ താമസിച്ച മുറിയുടെ വാതിലില്‍ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ അവര്‍ പരിശോധിച്ചശേഷം അത് സംവിധായകനാണെന്നു വ്യക്തമാക്കി. സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകന്‍ ഞാനുള്‍പ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നോ അമ്മയില്‍ ഇതിനായി ഒരു പരാതിപരിഹാര സെല്‍ ഉണ്ടെന്നോ അറിയാത്തതിനാല്‍ ഉള്ളിലൊതുക്കേണ്ടി വന്നു. ഒരു സിനിമയില്‍ വാഗ്ദാനം ചെയ്ത പ്രതിഫലം തരാതെ വന്നപ്പോള്‍ സഹായത്തിനായി അന്നത്തെ അമ്മ സെക്രട്ടറിയെ സമീപിച്ചു. പരാതി നല്‍കരുതെന്നും അതു കരിയറിനെ ബാധിക്കുമെന്നുമായിരുന്നു ഉപദേശം. അതുകൊണ്ടുതന്നെ അടുത്ത സിനിമയിലും ഇതേ അനുഭവം ഉണ്ടായപ്പോള്‍ അമ്മയില്‍ പരാതിപ്പെട്ടില്ല. പകരം പണം തരാതെ തുടര്‍ന്ന് അഭിനയിക്കില്ലെന്നു നിര്‍മ്മാതാവിനെ അറിയിച്ചു. അതോടെ അമ്മ സെക്രട്ടറി വിളിച്ച് പ്രശ്നം ഉണ്ടാക്കാതെ ഷൂട്ടിനു പോകണമെന്ന് പറഞ്ഞെങ്കിലും ഞാന്‍ നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് നിര്‍മ്മാതാവ് പകുതി പ്രതിഫലം തരാന്‍ തയാറായി. ബാക്കി പ്രതിഫലം ഇതുവരെ തന്നിട്ടില്ല. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെ ഇക്കാര്യം പറയാന്‍ ആദ്യം വിളിച്ചപ്പോള്‍ ദേഷ്യപ്പെടുകയായിരുന്നു. പരാതികള്‍ പുറത്തുവരാതെ ഒതുക്കി ഒറ്റക്കെട്ടാണെന്നു കാണിക്കാനാണു സംഘടനയ്ക്കു താല്‍പര്യം”- ദുബായില്‍ താമസമാക്കിയ നടി കത്തില്‍ പറയുന്നു.
അമ്മയുടെ ആദ്യ വനിതാ സെല്‍ യോഗത്തില്‍ മി ടൂ വെളിപ്പെടുത്തലുമായി നടിമാര്‍