അമേരിക്കൻ വിമാനത്തെ ചൈനീസ് പോര്‍ വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു; ചൈനാ കടലിനു മുകളില്‍ അമേരിക്കയുടെ നിരീക്ഷണവും; ഇരു രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത് കൃത്രിമ ദ്വീപിനെ ചെല്ലിയുള്ള തർക്കം.

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കൻ വിമാനത്തെ ചൈനീസ് പോര്‍ വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു; ചൈനാ കടലിനു മുകളില്‍ അമേരിക്കയുടെ നിരീക്ഷണവും; ഇരു രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത് കൃത്രിമ ദ്വീപിനെ ചെല്ലിയുള്ള തർക്കം.

വാഷിങ്ടന്‍: കിഴക്കന്‍ ചൈനാ കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ് വിമാനത്തെ രണ്ടു ചൈനീസ് പോര്‍ വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞതായി റിപ്പോർട്ട്. ഈ നടപടി അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നുമാണ് സൂചന. ചൈനയുടെ ഈ നിരുത്തരവാദിത്തപരമായ സമീപനത്തെ വിമര്‍ശിച്ച് യു.എസ് രംഗത്തെത്തുകയും ചെയ്തു. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു യു.എസ് അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും രാജ്യം ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെങ്കില്‍ അതിന്റെ റേഡിയേഷന്‍ പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള യു.എസ് ഡബ്ല്യൂസി–135 എന്ന വിമാനത്തെയാണ് ചൈനയുടെ രണ്ട് സുഖോയ് സു–30 വിമാനങ്ങള്‍ ചേര്‍ന്നു മാര്‍ഗതടസം സൃഷ്ടിച്ചത്. ഇതില്‍ ഒരു ചൈനീസ് വിമാനം യു.എസ് വിമാനത്തിന് ഏതാണ്ട് 150 അടിയോളം അടുത്തുവരെ എത്തിയെന്നാണു റിപ്പോര്‍ട്ട്. രാജ്യാന്തര നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് നിരീക്ഷണം നടത്തുകയായിരുന്ന വിമാനത്തെ ചൈന ബോധപൂര്‍വം തടഞ്ഞുവെന്നാണ് യു.എസിന്റെ ആരോപണം.

അതേസമയം, തങ്ങളുടെ അതിര്‍ത്തിയോടു ചേര്‍ന്ന് യു.എസ് നടത്തുന്ന നിരീക്ഷണപ്പറക്കലിനോടുള്ള അതൃപ്തിയാണു ചൈന പ്രകടിപ്പിച്ചതെന്നും പറയപ്പെടുന്നു. ദക്ഷിണ-കിഴക്കന്‍ ചൈനാ കടലുകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ അടുത്തിടെയായി ചൈന ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ചൈനീസ് നാവികസേന മേഖലയില്‍ നിരീക്ഷണം നടത്തുന്നതു പതിവാക്കിയിരുന്നു. മാത്രമല്ല, ഇവിടെ ചില കൃത്രിമ ദ്വീപുകളും ചൈന നിര്‍മിച്ചിരുന്നു. ഇതിനെ എതിര്‍ത്തും ഈ പ്രദേശങ്ങളിന്മേല്‍ അവകാശവാദമുന്നയിച്ചും വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചും മേഖലയെ സ്വന്തം കീഴിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ എതിര്‍ത്തും യു.എസും നിലപാടെടുത്തു. ഈ സാഹചര്യത്തിലാണു മേഖലയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയ യു.എസ് വിമാനത്തിനു മാര്‍ഗതടസം സൃഷ്ടിച്ച ചൈനയുടെ നീക്കമെന്നതു ശ്രദ്ധേയമാണ്.

0Shares