അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍ക ഹൈദരാബാദില്‍ എത്തുന്നു; പോലീസ് റോഡുവക്കില്‍ യാചന നോരോധിച്ചു; ലംഘിക്കുന്ന യാചകരെ ജയിലില്‍ അടയ്ക്കും

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍ക ഹൈദരാബാദില്‍ എത്തുന്നു; പോലീസ് റോഡുവക്കില്‍ യാചന നോരോധിച്ചു; ലംഘിക്കുന്ന യാചകരെ ജയിലില്‍ അടയ്ക്കും

ഹൈദരാബാദ്:  ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് വരുന്നതിനാല്‍ ഹൈദരാബാദില്‍ റോഡരികിലിരുന്നുള്ള യാചന നിരോധിച്ചു. നഗരത്തില്‍ ജനുവരി ഏഴുവരെ നിയമപ്രകാരം യാചന നിരോധിച്ചതായി ഹൈദരാബാദ് പോലീസ് കമ്മിഷണര്‍ എം. മഹേന്ദ്ര റെഡ്ഡി ഉത്തരവിറക്കി. പ്രത്യേക പോലീസ് സംഘത്തെ തന്നെ ഉത്തരവ് നടപ്പാക്കാനായി നിയോഗിച്ചിട്ടുണ്ട്. ആദ്യം ഉത്തരവിനെ കുറിച്ച് യാചകരെ ബോധ്യപ്പെടുത്തും. അത് അനുസരിക്കാത്ത പക്ഷം നവംബര്‍ 20-ഓടെ യാചകനിരോധന നിയമം, പൊതുസമൂഹത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന വിവിധ നിയമങ്ങള്‍ എന്നിവ ചുമത്തി ഇവരെ ജയിലിലടയ്ക്കാനും പദ്ധതിയുണ്ട്. ജനങ്ങള്‍ക്കും ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ കുഞ്ഞുങ്ങളും വികലാംഗരും യാചന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഇത്തരമൊരുത്തരവ് ഇറക്കിയതെന്നാണ് പോലീസ് കമ്മിഷണര്‍ പറയുന്നത്.

28 മുതല്‍ 30 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 27-ന് ഇവാന്‍ക ഹൈദരാബാദിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതുമുതല്‍ വിദേശസംരംഭകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ വന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നത്. അതിനിടെ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയെ വന്‍ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇവാന്‍ക ട്രംപ് ഉള്‍പ്പെടെ ലോകത്തെ പല സംരംഭകരും ഹൈദരാബാദിലെത്തുമ്പോള്‍ ഇവിടെ യാചകരെ കാണാന്‍ ഇടവരരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചൊവ്വാഴ്ചയാണ് പോലീസ് കമ്മിഷണര്‍ ഉത്തരവിറക്കിയത്. 2000-ത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഹൈദരാബാദിലെത്തിയപ്പോഴും നഗരത്തില്‍ യാചകനിരോധനം നടപ്പാക്കിയിരുന്നു.

0Shares