
തിരുവനന്തപുരം; കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ചൂണ്ടിക്കാട്ടി പിണറായി പിണറായി സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ആര്‍. എസ്. എസ് – ബി. ജെ. പി കേരളാ നേതൃത്വത്തിനെ നിശബ്ദരാക്കുന്ന കാര്യങ്ങളാണ് ഹരിയാനാ- പഞ്ചാബ് ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ആക്രമണങ്ങള്‍ പടര്‍ന്ന് പിടിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളും ബി. ജെ. പി ഭരിക്കുന്നതായതിനാല്‍ അവിടെ ഒക്കെ പിരിച്ച് വിട്ടിട്ട് കേരളത്തിലേക്ക് വന്നാല്‍ മതിയെന്ന പരിഹാസം ഇപ്പോള്‍ തന്നെ കേരളത്തില്‍ പൊതു വികാരമായ് ഉയര്‍ന്നിട്ടുണ്ട്.
സാഹചര്യങ്ങള്‍ ഇങ്ങിനെയിരിക്കെയാണ് ബി. ജെ. പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷത്തിനും കൊലപാതകങ്ങള്‍ക്കുമെതിരെ ജനരക്ഷാ യാത്ര നടത്താന്‍ കേരളത്തില്‍ എത്തുന്നത്. ബി. ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 13 മുഖ്യമന്ത്രിമാരും കേരളാ യാത്രയില്‍ എത്തിച്ചേരും എന്നാണ് വിവരം. പീഡനക്കേസില്‍ ദേറാ സച്ചാ സൗദാ നേതാവായ ഗുര്‍മീത് റാം റഹീമ് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ വ്യാപക അക്രമത്തില്‍ ഹരിയാനാ- പഞ്ചാബ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. അതിനിടെ, ദേര സച്ചാ സൗദയുടെ ഹരിയാനയിലെ ആസ്ഥാനത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. റാം റഹിമിന്റെ അനുയായികളെ സംഘര്‍ഷമേഖലയില്‍നിന്ന് ഒഴിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഒരു ലക്ഷത്തോളം അനുയായികള്‍ തമ്പടിച്ചിരിക്കുന്ന സിര്‍സയിലെ ആസ്ഥാനത്തു സൈന്യവും ദ്രുതകര്‍മസേനയും അക്രമം നേരിടാനുള്ള പൂര്‍ണസന്നാഹങ്ങളുമായി രംഗത്തുണ്ട്.
ഹരിയാനയിലെ ഖട്ടര്‍ സര്‍ക്കാറിനും ബി.ജെ.പി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് ഇതിനകം തന്നെ സി. പി. എം കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നു കഴിഞ്ഞു. വിവാദ ആള്‍ ദൈവത്തെ വെള്ള പൂശി രംഗത്ത് വന്ന ബി. ജെ. പി എം. പി സാക്ഷി മഹാരാജിന്റെ പ്രതികരണവും സി. പി. എമ്മിനെ സംബന്ധിച്ച് വീണു കിട്ടിയ നല്ലൊരു ആയുധമാണ്. ഗുര്‍മീതിനെ വളര്‍ത്തിയതില്‍ ബി. ജെ. പിയെ പോലെ തന്നെ മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ക്കും വലിയ പങ്കുള്ളതിനാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വവും പ്രതിരോധത്തിലാണ്. കലാപം നടക്കുമ്പോള്‍ രണ്ട് സര്‍ക്കാറുകളും നോക്കി നിന്നതും മുന്‍ കരുതല്‍ സ്വീകരിക്കാതിരുന്നതും ഗുര്‍മീത് ‘ഭക്തി’ കൊണ്ടാണെന്നാണ് സി. പി. എം ആരോപിക്കുന്നത്.
കുരുക്ഷേത്രയിലെ ഒന്‍പത് ആശ്രമങ്ങള്‍ ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് അടച്ചുപൂട്ടി. ഇവിടെനിന്നു മാരാകായുധങ്ങള്‍ പിടിച്ചെടുത്തു. ഗുര്‍മീതിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമണത്തില്‍ മുപ്പതിലേറെ പേര്‍ മരിക്കുകയും തീവണ്ടിയും മറ്റ് വാഹനങ്ങളുമടക്കം അടിച്ച് തകര്‍ക്കുകയും, അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ആക്രമത്തില്‍ ആയിരത്തിലേറേ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സൈന്യവും അര്‍ധസൈനിക വിഭാഗക്കാരും രംഗത്തിറങ്ങിയാണ് ആക്രമം നിയന്ത്രിച്ചത്. ഹരിയാനയിലെയും പഞ്ചാബിലെയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും, പ്രക്ഷോഭകാരികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഇപ്പോള്‍ തുറന്നടിച്ചിട്ടുണ്ട്. ഇതും ബി. ജെ. പി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്.
ഇനി കേരള സര്‍ക്കാറിനെതിരെ ഒരക്ഷരം മിണ്ടാന്‍ പോലും കേന്ദ്രത്തിന് ധാര്‍മ്മിക അവകാശമില്ലന്നാണ് സി. പി. എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കണ്ണൂരും തിരുവനന്തപുരത്തുമെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പറന്നെത്തിയ കേന്ദ്ര മന്ത്രിമാരും ബി. ജെ. പി – ആര്‍. എസ്. എസ് നേതാക്കളും കലാപകാരികള്‍ ഉത്തരേന്ത്യയില്‍ അഴിഞ്ഞാടുമ്പോള്‍ മാളത്തിലായിരുന്നോ എന്ന ചോദ്യവും സി. പി. എം ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ സി. പി. എം ആക്രമണം ആരോപിച്ച് കേരള സര്‍ക്കാറിനെ ലക്ഷ്യമിട്ട് അടുത്തമാസം കണ്ണൂരില്‍ നിന്നും തിരുവനന്തപുരം വരെ നടത്തുന്ന ജനരക്ഷായാത്ര നടത്തേണ്ടത് കലാപകാരികള്‍ അഴിഞ്ഞാടുന്ന ബി. ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നാണ് സി. പി. എം പറയുന്നത്.
