
ക്യുബെക്: വ്യത്യസ്തമായ ഒരു ആവശ്യം ഉന്നയിച്ച് സമരത്തിനിറങ്ങിയിരിക്കുകയാണ് കാനഡയിലെ ഒരു പറ്റം ഡോക്ടര്‍മാര്‍. തങ്ങളുടെ ശമ്പളം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടു വന്നത്. അമിതമായി ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

മികച്ച ആരോഗ്യ സംവിധനമാണ് വേണ്ടതെന്നും, അല്ലാതെ ശമ്പള വര്‍ധനവല്ല വേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരുടെ സമരം. തങ്ങളുടെ ശമ്പള വര്‍ധനവിനായി നീക്കി വെച്ചിരിക്കുന്ന 70 കോടി ഡോളര്‍, നഴ്സുമാരുടേയും, ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ ചെയ്യുന്നവരുടേയും ശമ്പളവര്‍ധനയ്ക്കായി ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.
ക്യുബെക്കിലെ പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ധനവ് വരുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് 403,537 ഡോളറാണ് ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ഒരു വര്‍ഷം വര്‍ധനയുണ്ടാവുക. ഡോക്ടര്‍മാര്‍ക്ക് ഇത്രയും ശമ്പളം വേണ്ടെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണ് ക്യുബെക് ആരോഗ്യ മന്ത്രി പറയുന്നത്. എന്നാല്‍ ഭൂരിപക്ഷം ഡോക്ടര്‍മാരും ഈ ആവശ്യത്തെ പിന്തുണക്കേണ്ടതുണ്ടെന്നാണ് മന്ത്രിയുടെ ആവശ്യം.
