അമാന്റെ ആഗ്രഹം പൂര്‍ണതയിലേക്ക്; മകന്‍ പൈലറ്റായതില്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് നിര്‍ഭയയുടെ മാതാവ്

  • Post category:news
  • Reading time:2 mins read
You are currently viewing അമാന്റെ ആഗ്രഹം പൂര്‍ണതയിലേക്ക്; മകന്‍ പൈലറ്റായതില്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് നിര്‍ഭയയുടെ മാതാവ്

ന്യൂഡല്‍ഹി: മകന്‍ പൈലറ്റായതില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി. നിര്‍ഭയ മരിക്കുമ്പോള്‍ സഹോദരന്‍ അമാന്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു. സൈന്യത്തില്‍ ചേരണമെന്നായിരുന്നു അവന്റെ ആഗ്രഹം. എന്നാല്‍ ചേച്ചിക്കുണ്ടായ ദുരന്തം അവനെ തളര്‍ത്തി. പിന്നീട് രാഹുല്‍ ഗാന്ധിയാണ് അവനെ രക്ഷിച്ചതെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ബസില്‍ വച്ച് പീഡനമേറ്റ് കൊല്ലപ്പെട്ട നിര്‍ഭയയുടെ കുടുംബത്തിന് സഹായ ഹസ്തവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്നെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ സഹായത്താല്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ് നിര്‍ഭയയുടെ ഇളയ സഹോദരന്‍. 18 മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി വിമാനം പറത്താനുള്ള അവസാന വട്ട ഒരുക്കത്തിലാണ് യുവാവ്. നിര്‍ഭയയുടെ മാതാവ് ആശാദേവി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2012ല്‍ ആണ് രാജ്യത്തെ നടുക്കിയ കൂട്ടമാനഭംഗം നടന്നത്. പിന്നീട് പെണ്‍കുട്ടി മരണപ്പെടുകയാണ് ഉണ്ടായത്. രാജ്യത്താകമാനം വലിയ പ്രതിഷേധത്തിനും സമരത്തിനും നിര്‍ഭയ സംഭവം കാരണമായി. അന്ന് 12 ാം ക്ലാസില്‍ പഠിക്കുകയായിയിരുന്ന നിര്‍ഭയയുടെ സഹോദരനെയാണ് രാഹുല്‍ഗാന്ധി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്. സൈന്യത്തില്‍ പൈലറ്റ് ആവണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്ന അവന്റെ സ്വപ്നങ്ങള്‍ക്ക് ചേച്ചിയുടെ മരണം വലിയൊരു ആഘാതമായിരുന്നു ഉണ്ടാക്കിയിരുന്നത്. തുടര്‍ന്ന് അവനെ രാഹുല്‍ഗാന്ധി ഏറ്റെടുക്കുകയായിരുന്നു. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമി എന്ന സ്ഥാപനത്തില്‍ പൈലറ്റ് പരിശീലനത്തിന് രാഹുല്‍ ഗാന്ധി സൗകര്യമൊരുക്കുകയും പ്രത്യേക കൗണ്‍സിലിങ് ഏര്‍പ്പെടുത്തിക്കൊടുക്കുകയുമായിരുന്നു.പഠനത്തിന്റെ പൂര്‍ണ ചെലവും രാഹുലിന്റെ വകയായിരുന്നു. നിലവില്‍ ഗുരുഗ്രാമിലെ പ്രത്യേകം പരിശീലന കേന്ദ്രത്തില്‍ പൈലറ്റ് ആവനുള്ള ഒരു മാസക്കാലത്തെ അവസാന ഒരുക്കത്തിലാണ് നിര്‍ഭയയുടെ സഹോദരന്‍. മകന്‍ പൈലറ്റായി കാണുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി പറയുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പ്രത്യേക നന്ദിയെന്നും അവര്‍ പറയുന്നു. അവന്‍ പൈലറ്റായി കാണണമെന്ന് ഏറെ ആഗ്രഹിച്ചത് നിര്‍ഭയ ആയിരുന്നു. സഹോദരന്റെ നേട്ടം അവള്‍ ഇപ്പോള്‍നോക്കിക്കാണുന്നുണ്ടാകുമെന്നും ആശാ ദേവി പ്രതികരിച്ചു. നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് സുപ്രീം കോടതി നേരത്തെ തന്നെ വധ ശിക്ഷ വിധിച്ചിരുന്നു.

 

0Shares