കൊച്ചി: മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു മുഖ്യ പ്രതി കൂടി പിടിയില്‍. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും തലശ്ശേരി സ്വദേശിയുമായ മുഹമ്മദ് റിഫയാണ് പിടിയിലായത്. ബംഗലൂരുവില്‍ വെച്ചാണ് റിഫയെ പിടികൂടിയതെന്നാണ് വിവരം. എറണാകുളം പൂത്തോട്ടയിലെ സ്വകര്യ ലോ കോളേജ് വിദ്യാര്‍ത്ഥിയാണ് റിഫ. സംഭവത്തിന് ശേഷം ഇയാളെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കാമ്പസില്‍ ബോധപൂര്‍വ്വം അക്രമം സൃഷ്ടിക്കാനും കൊലയാളി സംഘത്തെ ഇവിടേക്ക് എത്തിക്കാനും തീരുമാനിച്ചത് റിഫയുടെ നേതൃത്വത്തിലുള്ള ക്യാംപസ് ഫ്രണ്ട് യോഗമായിരുന്നുവെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. കൃത്യത്തിനു ശേഷം റിഫ സ്വന്തം നാടായ തലശ്ശേരിയിലേക്ക് പോയി. ഇവിടെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ഗൂഢാലോചനയില്‍ റിഫക്ക് പങ്കുള്ളതായി നേരത്തെ പിടിയിലായ മുഹമ്മദിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.
മുഹമ്മദി റിഫയെ രക്ഷപ്പെടാന്‍ സഹായിച്ചത് ഷാനവാസ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷാനവാസിനെ ചോദ്യംചെയ്തതിലൂടെയാണ് റിഫയുടെ പങ്കിനെ കുറിച്ച് പൊലീസിന് കൂടുതല്‍ വിവരം ലഭിച്ചത്. തനിക്കെതിരെയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കുന്നു എന്ന് തിരിച്ചറിഞ്ഞ റിഫ കര്‍ണ്ണാടകയിലേക്ക് ഒളിത്താവളം മാറ്റുകയായിരുന്നു. അതേസമയം, അക്രമി സംഘത്തിന് സഹായം ചെയ്തുവെന്ന് പോലീസ് കണ്ടെത്തിയ പ്രതി ഫസലുദ്ദീന്‍ എറണാകുളം സി.ജെ.എം കോടതിയില്‍ കീഴടങ്ങി. ഇനി പിടികൂടാനുള്ളതില്‍ പ്രധാനി അഭിമന്യുവിനെ കുത്തിയ ആളാണ്. ഇയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അഭിമന്യു വധം; ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍