
പ്രശസ്ത മിമിക്രി താരവും നടനുമായ അബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ ആണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളാണ് അബി.കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. മലയാളികള്‍ നെഞ്ചേറ്റിയ താത്ത എന്ന ഹാസ്യകഥാപാത്രത്തിന്റെ ഉപജ്ഞാതാവ് അബിയെന്ന കലാകാരനായിരുന്നു.
മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. ആദ്യകാലത്ത് മാവേലിയെ അവതരിപ്പിച്ചിരുന്നതും അബിയായിരുന്നു.
1991ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാ ലോകത്തേക്ക് കടന്നത്. മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്‌സ് ആക്‌ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. തൊണ്ണൂറുകളില്‍ കൊച്ചി കേന്ദ്രമായെത്തിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഇടക്കാലത്തു സിനിമയില്‍ സജീവമായിരുന്നെങ്കിലും, എന്തുകൊണ്ട് അബി ബിഗ് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായി എന്ന ചോദ്യം ഒരു അഭിമുഖത്തില്‍ ഉയര്‍ന്നിരുന്നു. അതിന് ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്നായിരുന്നു അബിയുടെ മറുപടി. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അബി മടങ്ങിയെത്തിയത്.
ബിഗ് സ്‌ക്രീനില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തനിക്ക് കഴിയാത്ത കാര്യം നേടിയെടുക്കാന്‍ ഷെയിന്‍ നിഗം എന്ന മകനെ മലയാള സിനിമയ്ക്കായി സമ്മാനിച്ചിട്ടാണ് അബി മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.
