കൊച്ചി: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലിനിട്ട് ‘ഒടി വെച്ച്’ ഒടിയന്‍ സിനിമ. ഹര്‍ത്താലിനെ അവഗണിച്ചാണ് സിനിമാപ്രേമികള്‍ തിയേറ്ററുകളിലേക്കെത്തിയത്. ഹര്‍ത്താലായിട്ടും കേരളത്തില്‍ എല്ലായിടത്തും നേരത്തേ പ്രഖ്യാപിച്ചതു പോലെ തന്നെ അതിരാവിലെ ഒടിയന്റെ ഫാന്‍സ് ഷോ നടന്നു. എല്ലാ തീയറ്ററുകളിലും അതിരാവിലെ വന്‍ ജനക്കൂട്ടമാണ് സിനിമ കാണാന്‍ തടിച്ചു കൂടിയത് .ഇന്നലെ വൈകുന്നേരമാണ് അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപനം ഉണ്ടാകുന്നത്. അപ്പോഴേക്ക് ഒടിയന്‍ ലോകമെമ്പാടുമുള്ള റിലീസിന് തയ്യാറെടുത്തിരുന്നു.
ആദ്യം റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് അണിയറക്കാര്‍ ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ റിലീസ് നടത്തുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ആരാധകരും ആവേശത്തിലായി. അതിന്റെ പ്രതിഫലനമെന്നോണം അര്‍ധരാത്രി മുതല്‍ തീയറ്ററുകളിലേക്ക് ആളെത്തി തുടങ്ങി. പുലര്‍ച്ചെ തന്നെ പല തീയറ്ററുകളും ജനക്കൂട്ടം കൊണ്ടു നിറഞ്ഞു. വലിയ ആരാധകപ്രതികരണമാണ് ചിത്രം ആദ്യ മണിക്കൂറില്‍ തന്നെ ഉണ്ടാക്കിയത്. മോഹന്‍ലാല്‍ നായകനാകുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാര്‍ മേനോനാണ്. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യരും പ്രകാശ് രാജുമാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
അപ്രതീക്ഷമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെ ‘ഒടി വെച്ച്’ ഒടിയന്‍ ; തിയേറ്ററുകളില്‍ വന്‍ ജനക്കൂട്ടം