‘അന്‍റെ അഭിപ്രായം പെരേല് മതി’ പിണറായി സർക്കാരിനെ പറഞ്ഞ ആയിഷയോട് സി.പി.എം നിലപാടുകളും വിവാദങ്ങളും

  • Post category:news
  • Reading time:2 mins read
You are currently viewing ‘അന്‍റെ അഭിപ്രായം പെരേല് മതി’ പിണറായി സർക്കാരിനെ പറഞ്ഞ ആയിഷയോട് സി.പി.എം നിലപാടുകളും വിവാദങ്ങളും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയിൽ ജാമിയ മില്ലിയ വിദ്യാർത്ഥിനി ആയിഷ റെന്നയ്ക്കെതിരെ ഇടതുപക്ഷ പ്രവർത്തകർ നടത്തിയ പരാമർശത്തെച്ചൊല്ലി വിവാദം. ‘നിന്‍റെ അഭിപ്രായം വീട്ടിൽ പോയി പറയണം’ എന്ന മട്ടിലുള്ള പരാമർശമായിരുന്നു വിവാദമായത്.

ഉത്തർപ്രദേശിലും ഡൽഹിയിലും ജയിലിൽ അടച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ തുടർച്ചയായി കേരളത്തിൽ പിണറായി സർക്കാർ കസ്റ്റഡിയിലെടുത്തവരെയും മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതാണ് റെന്നയ്ക്കെതിരായ ഇടതു പ്രവർത്തകരുടെ പ്രതിഷേധത്തിലും മാപ്പു പറയിക്കാനുള്ള ശ്രമത്തിലും കലാശിച്ചത്.

റെന്നയുടെ അഭിപ്രായ പ്രകടനത്തെയല്ല, സംയുക്ത പ്രക്ഷോഭത്തിന്‍റെ വേദി ഉപയോഗിച്ച് സ്വന്തം രാഷ്ട്രീയം കടത്തിവിടുന്നതിനെതിരെയായിരുന്നു പ്രതിഷേധിച്ചതെന്ന് പ്രവർത്തകർ പറയുന്നു. എന്നാൽ, സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.

സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തകരും മറ്റു പ്രമുഖരും രണ്ടു പക്ഷത്തായി അണിനിരന്നുകഴിഞ്ഞു. ഇന്നലെ വൈകിട്ട് 5.30ന്, സംയുക്ത പൗരസംരക്ഷണ റാലി കഴിഞ്ഞുള്ള പ്രസംഗങ്ങളിൽ ടി.വി.ഇബ്രാഹിം എംഎൽഎ സംസാരിച്ചു കഴിഞ്ഞ ശേഷമാണ് ജാമിയയിലെ സമരനായിക എന്ന നിലയിൽ റെന്നയെ സംസാരിക്കാൻ ക്ഷണിച്ചത്.

റെന്നയുടെ പ്രസംഗം അവസാനിച്ചത് ഇങ്ങനെ: ‘അടിച്ചമർത്താൻ ശ്രമിക്കുന്നവർ, അവർ ആയാലും അവരെല്ലാം ബിജെപിക്കാരായിട്ടാണ് നമ്മൾ കാണുന്നത്. മൈനോറിറ്റിയുടെ, അതായതു ബഹുജൻ മുസ്‍ലിം പൊളിറ്റിക്സിന്‍റെ ഒരു എമേർജൻസ്. അതിന്റെ ഒരു തുടർച്ചയാണ് നമ്മൾ ഇവിടെ കാണാൻ പോകുന്നത്. തീർച്ചയായും ചന്ദ്രശേഖർ ആസാദിനെ റിലീസ് ചെയ്യണമെന്ന ആവശ്യം ഈയവസരത്തിൽ ഉന്നയിക്കുകയാണ്. ആസാദിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പോലീസിന്‍റെ നയങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

അതുപോലെത്തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ജാമിയയിലെ വിദ്യാർത്ഥികളോട്, ചുറ്റുമുള്ള പ്രതിഷേധങ്ങളോട് അനുരസപ്പെട്ടുകൊണ്ട് നടത്തിയിട്ടുള്ള പ്രതിഷേധങ്ങൾ അടിച്ചമർത്തിക്കൊണ്ട് പിണറായി സർക്കാർ ജയിലിൽ വച്ചിട്ടുള്ള വിദ്യാർത്ഥികളെയും മറ്റുള്ളവരെയും വിട്ടയയ്ക്കണമെന്നും ഈയൊരവസരത്തിൽ നമ്മൾ മുന്നോട്ടു വയ്ക്കുകയാണ്.’

തൊട്ടു പിന്നാലെ, പിണറായി സർക്കാരിനെതിരായ പരാമർശത്തിൽ മാപ്പുപറയണമെന്ന് സി.പി.എം പ്രവർത്തകരിൽ ചിലർ ആവശ്യപ്പെട്ടു. ജനക്കൂട്ടം വേദിക്കു മുൻപിൽ തടിച്ചുകൂടിയതോടെ റെന്ന തന്നെ മുന്നോട്ടുവന്ന്, തന്‍റെ അഭിപ്രായമാണ് പറഞ്ഞതെന്ന് മറുപടി നൽകി. ‘നമ്മൾ തമ്മിൽ ഇന്റേണൽ കോൺഫ്ലിക്റ്റ് ഉണ്ടാകരുത്’ എന്ന മറുപടിക്ക് മലയാളത്തിൽ പറയണമെന്നായിരുന്നു പ്രവർത്തകരുടെ പ്രതികരണം.

‘അന്‍റെ അഭിപ്രായം, സ്വന്തം അഭിപ്രായം പെരേല് പോയി പറയാ വേണ്ടത്’ എന്ന് പ്രവർത്തകരിലൊരാൾ ആവർത്തിക്കുകയും കൂടെയുണ്ടായിരുന്നവർ മാപ്പുപറയണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. മാപ്പുപറയണമെന്ന ബഹളങ്ങൾക്കിടെ റെന്ന തിരിച്ചുപോവുകയും ചെയ്തു. ‘റെന്ന മാപ്പു പറയുന്നു’ എന്ന തലക്കെട്ടോടെ ചിലർ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

0Shares