ന്യൂമെക്‌സികോ: അന്യഗ്രഹ ജീവികള്‍ ലോകത്തില്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം. എന്നാല്‍ ചന്ദ്രനില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും അവ ഭൂമിയിലെത്തിയിട്ടില്ലെന്നും ചന്ദ്രനില്‍ കാലുകുത്തിയ നാലാമത്തെ മനുഷ്യനായ അലന്‍ ബീന്‍ പറഞ്ഞിരുന്നു. അവര്‍ ഇതുവരെയും ഭൂമി സന്ദര്‍ശിച്ചിട്ടെല്ലും അധികം വൈകാതെ അവ ഭൂമി സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ അന്യഗ്രഹ ജീവിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന വീഡിയോ 1990 ല്‍ പുറത്തു വിട്ടിരുന്നു എന്നു പറഞ്ഞാല്‍ എല്ലാവരും ഞെട്ടിപ്പോകും. 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോ വളരെ ഞെട്ടലോടെയാണു ലോകം കണ്ടിരുന്നത്. ന്യൂമെക്സിക്കോയ്ക്കടുത്ത് റോസ്വെല്ലില്‍ 1947 ജൂണ്‍ രണ്ടിന് തകര്‍ന്നു വീണ ഒരു പറക്കുംതളികയില്‍ നിന്നാണ് അന്യഗ്രഹ ജീവിയെ ലഭിക്കുന്നത്. ഒരു റിട്ട. മിലിറ്ററി ക്യാമറാമാന്‍ ഇതുകാണുകയും ആ കാഴ്ച പകര്‍ത്തുകയും ചെയ്തു. അന്യഗ്രഹജീവിയെ രഹസ്യകേന്ദ്രത്തില്‍ സൂക്ഷിച്ച് 1992ല്‍ മരിച്ചപ്പോള്‍ പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കുകയായിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകന്‍ റേയ് സാന്റ്‌റില്ലി ഇതിനു സാക്ഷിയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഏലിയന്‍ ഓട്ടോപ്സി ക്യാമറയില്‍ പകര്‍ത്തിയത്. 1995ല്‍ റേയ് ഈ വീഡിയോ 33 രാജ്യങ്ങളിലുള്ള ടിവി ചാനലുകള്‍ക്കായി വിറ്റു.

സംഭവം വന്‍ വിവാദമായതോടെ ഓസ്‌കര്‍ പുരസ്‌കാര ജേതാക്കളായ സ്പെഷല്‍ എഫക്ട്സ് മെയ്ക്ക് അപ് വിദഗ്ധരും ഛായാഗ്രാഹകരും ഫൊറന്‍സിക് വിദഗ്ധരുമെല്ലാം വീഡിയോ പരിശോധിക്കാനെത്തി. വീഡിയോ ഒറിജിനലാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തിയതോടെ സംഗതി പിന്നെയും ഹിറ്റായി. പക്ഷേ വീഡിയോയിലെ അന്യഗ്രഹജീവിയുടെ കാര്യത്തില്‍ സംശയമുണ്ടെന്ന് എല്ലാവരും പറഞ്ഞു.
2006ല്‍ ‘ഏലിയന്‍ ഓട്ടോപ്സി’ എന്ന പേരില്‍ ഒരു ബ്രിട്ടിഷ് കോമഡി ചിത്രം പുറത്തിറങ്ങാനൊരുങ്ങി. റേയ് സാന്റ്‌റില്ലി പോസ്റ്റ്‌മോര്‍ട്ടം വീഡിയോ തയാറാക്കിയത് എങ്ങനെയന്നതിന്റെ കോമഡി ചിത്രീകരണമായിരുന്നു സിനിമ. അത് റിലീസാകുന്നതിനും രണ്ട് ദിവസം മുന്‍പ് ഏപ്രില്‍ അഞ്ചിന് സ്‌കൈ ചാനല്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ റേയ് സാന്റ്‌റില്ലി തന്നെ നേരിട്ടെത്തി ‘ഏലിയന്‍ വീഡിയോ’ ഒരു ഏപ്രില്‍ ഫൂള്‍ തമാശയായിരുന്നു എന്ന് വെളിപ്പെടുത്തി. എന്നാല്‍ 1992ല്‍ താന്‍ കണ്ട പോസ്റ്റ്മോര്‍ട്ടത്തിലെ പല ഭാഗങ്ങളും നഷ്ടപ്പെട്ട് പോയതിനാല്‍ ഒറിജിനലിനൊപ്പം ചില ഭാഗങ്ങള്‍ റീക്രിയേറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു എന്നും കൂടി റേയ് കൂട്ടിച്ചേര്‍ത്തു. പക്ഷേ ആ വാദവും അധികകാലം നിന്നില്ല.

ലണ്ടനിലെ ഒരു ഫ്ലാറ്റില്‍ സെറ്റിട്ടെടുതാണ് ‘പോസ്റ്റ്മോര്‍ട്ടം’ വീഡിയോ ഷൂട്ട് ചെയ്തതെന്ന് ഒടുവില്‍ വ്യക്തമായി. ഒരു ശില്‍പി തയ്യാറാക്കിയ പ്രതിമയായിരുന്നു ആ ഏലിയന്‍. തലയില്‍ ചെമ്മരിയാടിന്റെ തലച്ചോറും നിറച്ചു ജാമില്‍ മുക്കി വച്ചതിനാല്‍ ചോര വരുന്ന എഫക്ടും കിട്ടി. ‘ശരീരത്തിനകത്ത്’ ഇറച്ചിക്കടയില്‍ നിന്നു വാങ്ങിയ കോഴിയുടെ കുടലും മറ്റു ജീവികളുടെ ശരീരഭാഗങ്ങളും നിറച്ചു വച്ചായിരുന്നു ‘പോസ്റ്റ്മോര്‍ട്ടം’. അതായത് ശരീരത്തില്‍ കത്തി തൊടുമ്പോള്‍ തന്നെ കോഴിച്ചോരയും ശരീരഭാഗങ്ങളും പുറത്തേക്കു തെറിക്കും. ‘ഏലിയന്‍’ വന്ന പറക്കുംതളികയുടെ കണ്‍ട്രോള്‍ പാനലും അതിലെ അടയാളങ്ങളുമാണെന്ന് പറഞ്ഞ് ചില കൃത്രിമ വസ്തുക്കളും ഇവയ്ക്കൊപ്പം ചേര്‍ത്തിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഈ ‘ശരീരഭാഗങ്ങള്‍’ കീറി മുറിച്ച് ലണ്ടനില്‍ തന്നെ നിരവധി സ്ഥലങ്ങളിലെ ചവറ്റുകൂനയില്‍ തട്ടുകയും ചെയ്തു. 10 കൊല്ലത്തിലേറെക്കാലം ചുരുളഴിയാത്ത രഹസ്യമായിരുന്ന ഏലിയന്‍ ഓട്ടോപ്സി’യെ ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും മികച്ച ഏപ്രില്‍ ഫൂള്‍ ശാസ്ത്രത്തമാശയായാണ് ജനങ്ങള്‍ കാണുന്നത്.