
സലിം ദിവാകരൻ
ചാണകം, മൂത്രം, പാല്‍, ഇതാണു( വളം, ഇന്ധനം,ഭക്ഷണം) പശൂന്നു നമുക്ക് കിട്ടുക. കന്നുകാലി മേക്കല്‍ മുഖ്യ വരുമാനമായ വടക്കേ ഇന്ത്യന്‍ സമൂഹത്തില്‍, പശു വളരെ പ്രധാനപ്പെട്ട സാമ്പതിക കേന്ദ്രമാണ്. മലയാളിക്ക് പശുവിന് പകരം തെങ്ങിനെ ആ ഗണത്തില്‍ കൂട്ടാവുന്നതേ ഉള്ളൂ. കാലി മേക്കലില്‍ നിന്ന് മനുഷ്യനു വരുന്ന വികസനത്തോടെ, പശു സാമ്പത്തിക ഘടനയില്‍ ചെലുത്തുന്ന പ്രാധാന്യത്തിന് കുറവു വന്നു. സാമ്പത്തിക ഘടനയിൽ മാറ്റം വന്നുവെങ്കിലും, മുന്‍കാല ആചാരങ്ങളുടെ പ്രാധാന്യം വളരെ പെട്ടന്ന് കൊഴിഞ്ഞു പോകാണമെന്നില്ല.
അവിടെയാണ് സാമൂഹത്തെ ആധുനികമാക്കുന്നതില്‍, നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ശാസ്ത്ര വിദ്യഭ്യാസത്തിന്റെയും പങ്ക് ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മേല്പറഞ്ഞ പരിഷ്കാരങ്ങള്‍ കുറവായതും, കൊളോനിയല്‍ ചരിത്ര വീക്ഷണത്തെ അട്ടിമറിക്കുന്ന കീഴാള പ്രസ്ഥാനങ്ങളുടെ ഇടപെടലില്‍ വന്ന കുറവും, അന്ധവിശ്വാസങ്ങളെ സാമൂഹ്യമായി ചോദ്യം ചെയ്യുന്ന പ്രക്രിയയെ നിരുത്സാഹപ്പെടുത്തി. ഈ പൊതു സാഹചര്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട് വളരുന്നതിനും, ഈ അശാസ്ത്രീയ വിശ്വാസ അടിസ്ഥാനത്തെ ഉപയോഗിച്ചുകൊണ്ട് ഭരണത്തില്‍ വരുന്നതിനുള്ള പ്രത്യയശാസ്ത്രം വികസിപ്പിക്കുകയാണു സംഘപരിവാര്‍ ചെയ്യുന്നത്.
സംഘപരിവാറിനെ ദുര്‍ബലപ്പെടുത്തുന്നതിന്റെ മുന്നുപാധി, ശാസ്ത്രീയ സാമൂഹ്യ ബോധങ്ങളെ വളര്‍ത്തിയെടുക്കുക എന്നതാണ്. അതു മനസ്സിലാക്കികൊണ്ടു തന്നെയാണു, ശാസ്ത്ര ചിന്തയില്‍ മാലിന്യം വിതറുന്ന പദ്ധതികള്‍ സംഘപരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അവിടെയാണ്, പശു ചാണകവും, മൂത്രവും, പുതിയ ഓര്‍ഗാനിക് മെഡിസിനും പട്ടാള ബങ്കറുമായി സംഘപരിവാർ ചിത്രീകരിക്കുന്ന കഥകള്‍ ഉയര്‍ന്നുവരുന്നത്. അസുഖം വന്നാല്‍ ഏറ്റവും ആധുനിക ആശുപത്രിയിൽ പോകയല്ലാതെ, പശു മൂത്രമൊന്നും സംഘപരിവാർ പ്രവർത്തകർ കുടിക്കുകയില്ല. മാത്രവുമല്ല, ചാണക വരടി ബങ്കറുകളുമായി അവര്‍ പട്ടാളക്കാരെ ചൈനീസ് അതിര്‍ത്തിയിലേക്ക് പറഞ്ഞയക്കുകയുമില്ല. ജനങ്ങളെ ഭരിക്കുന്ന രാഷ്ട്രീയത്തിന്റെ ചാണക ബങ്കറുകള്‍ തീര്‍ക്കാനാണ് സംഘികള്‍ ഉപയോഗിക്കുന്നത്!
