ചെന്നൈ: അന്ത്യവിശ്രമ സ്ഥലം സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ കലൈഞ്ജറെ അവസാനമായി ഒരുനോക്ക് കാണാന്‍ രാജാജി ഹാളിലേക്ക് ജനപ്രവാഹം. കരുണാനിധിയെ അവസാനമായി കണ്ട് തങ്ങളുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ആയിരക്കണക്കിന് ആളുകള്‍ ചൊവ്വാഴ്ച രാത്രി മുതല്‍ തന്നെ രാജാജി ഹാളിന് മുന്നില്‍ വരി നില്‍ക്കുന്നുണ്ടായിരുന്നു. അതേസമയം സംസകാരം സംബന്ധിച്ച് ഡി.എം.കെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. മറീന ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം തന്നെ സംസ്‌കരിക്കും. ഹൈക്കോടതി വിധി സര്‍ക്കാരിനുള്ള തിരിച്ചടിയായി വിലയിരുത്താം. ഗാന്ധിപാര്‍ക്കില്‍ രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. ഇതേ തുടര്‍ന്നാണ് ഡി.എം.കെ ഹൈക്കോടതിയെ സമീപിച്ചത്. കരുണാനിധിയുടെ ഭൗതിക ശരീരം ഇന്നുവൈകിട്ട് നാലിന് സംസ്‌കരിക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. സൂപ്പര്‍താരം രജനീകാന്ത് കുടുംബസമേതമെത്തി കരുണാനിധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മരുമകനായ നടന്‍ ധനുഷും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ടി.വി.ദിനകരനും കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കള്‍ ചെന്നൈയിലെത്തും. നടന്‍മാരായ ശിവകാര്‍ത്തികേയന്‍, അജിത്, സൂര്യ, രജനീകാന്ത്, കേരള മുന്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എന്നിവര്‍ കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉടന്‍ ചെന്നൈയിലെത്തും. 
അന്ത്യവിശ്രമം മറീന ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം തന്നെ; കരുണാനിധിയെ അവസാനമായി കാണാന്‍ രാജാജി ഹാളിലേക്ക് ജനപ്രവാഹം