ചെന്നൈ: സംവിധായിക, നര്‍ത്തകി, എഴുത്തുകാരി, ഗായിക തുടങ്ങി എല്ലാ കലാരംഗത്തും മികവുറ്റ പ്രകടനങ്ങള്‍ കാഴ്ച്ച വച്ച ഐശ്വര്യ ധനുഷ് അന്തരാഷ്ട്ര വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നൃത്തം ചെയ്യാന്‍ ഒരുങ്ങുന്നു. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുത്രിയായ ഐശ്വര്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നൃത്തം ചെയ്യാന്‍ ലഭിച്ച അവസരം വലിയ അംഗീകാരമായാണ് കാണുന്നതെന്നും ഐശ്വര്യ ധനുഷ് പറഞ്ഞു.

പ്രശസ്ത നര്‍ത്തകി മീനാക്ഷി ചിത്തരഞ്ജന് കീഴില്‍ നൃത്തം അഭ്യസിക്കുന്ന ഐശ്വര്യ ജെന്‍ഡര്‍ ഇക്വാളിറ്റിയുടെ ഇന്ത്യയിലെ യു.എന്‍ ഗുഡ്വില്‍ അംബാസിഡറാണ്. ‘ത്രീ’ എന്ന ചിത്രത്തിലൂടെ സംവിധായകയുടെ കുപ്പായം അണിഞ്ഞ ഐശ്വര്യ നര്‍ത്തകിക്കു പുറമേ അറിയപ്പെടുന്ന ഗായിക കൂടിയാണ്. ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ റീമ സെന്നിനു വേണ്ടി ഡബ്ബ് ചെയ്തതും ഐശ്വര്യയായിരുന്നു. ‘സ്റ്റാണ്ടിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്സ്’ എന്ന പേരില്‍ ഐശ്വര്യ എഴുതിയ പുസ്തകവും ശ്രദ്ധേയമായിരുന്നു. വെയ് രാജ് വെയ് ആണ് ഐശ്വര്യ ധനുഷ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് ഐശ്വര്യയുടെ അടുത്ത സംവിധാന സംരംഭം.