അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ കുവൈത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ കുവൈത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ കുവൈത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അറിയിച്ചു. കുവൈത്ത് സന്ദര്‍ശിച്ചാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കായിക നിയമത്തില്‍ കുവൈത്ത് ഭേദഗതി നടപ്പാക്കിയതോടെയാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഫിഫ തയ്യാറായത്. കഴിഞ്ഞ നാലുമാസമായി കുവൈത്തും ഫിഫ അധികൃതരും തമ്മില്‍ നടത്തി വന്ന ചര്‍ച്ചകളുടെ ഫലമായാണ് വിലക്ക് നീങ്ങിയത്. രാജ്യത്തെ കായിക ഭരണ സമിതികള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്ന രീതിയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പുതിയ കായിക നിയമത്തിനു കഴിഞ്ഞ ഞായറാഴ്ച കുവൈത്ത് പാര്‍ലിമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ നേരിട്ടെത്തി വിലക്കൊഴിവാക്കുന്നതു സംബന്ധിച്ച അറിയിപ്പ് കൈമാറിയത്. ബുധനാഴ്ച കുവൈത്തിലെത്തിയ ഫിഫ പ്രസിഡന്റിനെ പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഖാലിദ് അല്‍ റൗദാന്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ബയാന്‍ കൊട്ടാരത്തിലെത്തിയ അദ്ദേഹം കുവൈത്ത് അമീര്‍ ഷൈക്‌സ് സബാഹ് അല്‍ അഹമ്മദ് അല്‍സബാഹുമായി കൂടികാഴ്ച നടത്തി. അമീറിന്റെ സാന്നിധ്യത്തിലായിരുന്നു വിലക്ക് പിന്‍വലിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം. കുവൈത്തിനെ ഫിഫ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത ഇന്‍ഫാന്റീനോ ഈ ദിനം കുവൈത്ത് കായിക ചരിത്രത്തില്‍ പുതിയൊരു യുഗത്തിന് തുടക്കമാകട്ടെ എന്നു ആശംസിച്ചു . കിരീടാവകാശി ഷെയ്ഖ് നവാഫ് അഹമ്മദ് ജാബിര്‍ അല്‍ സബാഹ്, സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം, അമീരി ദിവാന്‍ കാര്യമന്ത്രി ഷെയ്ഖ് യൂസഫ് അല്‍ ജാറല്ല കാര്യമന്ത്രി. കായികമന്ത്രി ഖാലിദ് അല്‍ റൗദാന്‍, പാര്‍ലിമെന്റ് മുന്‍ഗണനാ സമിതി അധ്യക്ഷന്‍ അഹമ്മദ് അല്‍ ഫെഡില്‍ എം.പി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

0Shares